കൊച്ചി: മതന്യൂനപക്ഷങ്ങളുടെ ശ്മശാനങ്ങളും ആരാധനാലയങ്ങളും ആരംഭിക്കുന്നതിന് അന്തിമതീരുമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന ന്യൂനപക്ഷ കമ്മീഷന്‍ തീരുമാനം അനുവദിക്കരുതെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ ആവശ്യപ്പെട്ടു. കളക്ടര്‍, ഡിഎംഒ തുടങ്ങിയ ജില്ലാഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമേ സെമിത്തേരി, കബര്‍ സ്ഥാനങ്ങള്‍ അനുവദിക്കുകയുള്ളൂ എന്ന തീരുമാനത്തെ അട്ടിമറിച്ചുകൊണ്ടാണ് ന്യൂനപക്ഷകമ്മീഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രം മതിയെന്ന നിര്‍ദ്ദേശം സര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുള്ളത്. ഇതിനു പിന്നില്‍ ഗൂഢതാത്പര്യമാണെന്നും ഒട്ടനവധി ആരാധനാലയങ്ങളും ശ്മശാനങ്ങളും തര്‍ക്കഭൂമികളില്‍ നിര്‍മ്മിക്കുകയും ഇന്നും പ്രസ്തുത തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ ഈ ആവശ്യം ഒരിക്കലും അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
















