ആലുവ: അദ്വൈതാശ്രമം ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഗുരുധ്യാന മണ്ഡപത്തില്‍ ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടന്നു.
ഉച്ചയ്‌ക്ക് 12.22നും ഒന്നിനും മദ്ധ്യേയുള്ള വൃശ്ചികം രാശിയില്‍ ശ്രീനാരായണ പ്രസാദ് തന്ത്രിയുടെയും ജയന്തന്‍ ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പൂജകള്‍ക്ക് ശേഷം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സച്ചിതാനന്ദ, സൂക്ഷ്മാനന്ദ സ്വാമി, സ്വാമി സത്യാനന്ദ തീര്‍ത്ഥ, സ്വാമി കൃഷ്ണാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധി തീര്‍ത്ഥാനന്ദ എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്നലെ രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അദ്വൈതാശ്രമത്തിലേക്ക് ശ്രീനാരായണീയരുടെ ഒഴുക്കായിരുന്നു. പ്രതിഷ്ഠക്ക് സമയമായപ്പോഴേക്കും ആശ്രമം പരിസരം നിറഞ്ഞുകവിഞ്ഞിരുന്നു. അന്തരീക്ഷം മുഴുവന്‍ ശ്രീനാരായണീയ മന്ത്രങ്ങള്‍ മുഴങ്ങുന്നതിനിടെയായിരുന്നു പ്രതിഷ്ഠാ ചടങ്ങ്. രണ്ട് കോടിയോളം രൂപ മുടക്കി ഗുരുമണ്ഡലം നിര്‍മ്മിച്ച് നല്‍കിയ ശ്രീ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനും കുടുംബാംഗങ്ങളും ചടങ്ങുകളില്‍ ആദ്യാവസാനം പങ്കെടുത്തു.
















