ബത്തേരി : വിദ്യാഭ്യാസ രംഗത്ത് പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ക്കുളള സംവരണം വയനാട്ടിലും അഞ്ച് ശതമാനമാക്കി പരിമിതപ്പെടുത്തിയതോടെ ജില്ലയില്‍ ഭൂരിപക്ഷം വരുന്ന പ്രാക്തന സമൂഹങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരം നഷ്ടമാവുകയാണ്. ഈ അധ്യയനവര്‍ഷം ജില്ലയിലെ പല എയ്ഡഡ് കോളേജുകളിലും ഈ മാനദണ്ഡമനുസരിച്ചാണ് പ്രവേശനം നല്കികൊണ്ടിരിക്കുന്നത്. അടുത്തകാലംവരെ വയനാട്, ഇടുക്കി ജില്ലകളില്‍ ഈ ഗണത്തില്‍പ്പെട്ടവര്‍ക്ക് 15 തമാനവും പട്ടികജാതിക്കാര്‍ക്ക് അഞ്ച് ശതമാനവുമായിരുന്നു സംവരണം. വയനാട്, ഇടുക്കി ജില്ലകളില്‍ പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ കൂടുതലുളളതുകൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നത്.
ഈ വര്‍ഷം മുതല്‍ ഒരു നീതീകരണവുമില്ലാതെ ഇത് വെട്ടികുറയ്യ്ക്കുകയാണുണ്ടായതെന്ന് ആദിവാസിസംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഉപരിപഠനത്തിന് അവസരം ഇല്ലാതായവര്‍ നിരവധിയാണ്. ചേകാടി കാരക്കണ്ടി കാട്ടുനായ്ക്ക പാടിയിലെ കരിയന്റെ മകന് സതീഷിന് 65 തമാനത്തിലേറെ മാര്‍ക്ക് പ്ലസ്ടുവിന് ലഭിച്ചിട്ടും ഒരുകോളേജിലും ഇതോടെ സീറ്റുകിട്ടാതായി.
കല്ലൂര്‍ രാജീവ് ഗാന്ധി റെസിഡന്‍ഷ്യല്‍ വിദ്യാലയത്തില്‍ നിന്നു പ്ലസ്ടു കഴിഞ്ഞ കുട്ടിയാണ് സതീഷ്. വയനാട്ടിലും ഇടുക്കിയിലും ഇവര്‍ക്ക് നല്കിയ പരിഗണന പുനസ്ഥാപിക്കണമെന്ന് വനവാസിരക്ഷിതാക്കളും കുട്ടികളും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: