അരുവിക്കര: പിതൃതര്‍പ്പണത്തിന്റെ പുണ്യം തേടി അരുവിക്കരയിലെത്തിയ ആയിരങ്ങളെ സംഘാടകര്‍ വലച്ചു. മുന്നറിയിപ്പില്ലാതെ നടപ്പിലാക്കിയ നിയന്ത്രണങ്ങളും ആദ്യമായി ഏര്‍പ്പെടുത്തിയ അമിതഫീസുമാണ് അരുവിക്കരയിലെത്തിയ ഭക്തജനങ്ങളെ വലച്ചത്. ഒരേസമയം300 പേര്‍ക്ക് പിതൃപൂജ നടത്താനുള്ള മണ്ഡപമാണ് അരുവിക്കരയില്‍ ഒരുക്കിയിരുന്നത്. 30 രൂപയാണ് ഫീസായി ഈടാക്കിയത്. ടിക്കറ്റെടുത്ത് മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ബലിയര്‍പ്പിക്കാന്‍ കഴിയാതെ പലരും മറ്റ് കേന്ദ്രങ്ങള്‍ തേടിപ്പോയി. പുലര്‍ച്ചെ 3നു ബലിയിടാനെത്തിയവര്‍ക്ക് നേരം പുലര്‍ന്നിട്ടും പിതൃപൂജ നടത്താനാവാതെ മടങ്ങേണ്ടിവന്നു.
കാലങ്ങളായി അരുവിക്കര ഡാം സൈറ്റില്‍ ബലിയര്പ്പിക്കാനെത്തുന്നവര് വിശാലമായ കടവില്‍ തര്‍പ്പണം നടത്തി മടങ്ങുകയാണ് പതിവ്. ഇക്കുറി പുതിയ ബലിമണ്ഡപത്തില്‍ വച്ചു മാത്രം ശ്രാദ്ധചടങ്ങുകള്‍ നടത്തിയാല്‍ മതിയെന്ന നിലപാടില്‍ പഞ്ചായത്തും സംഘാടകരും ഉറച്ചുനിന്നു. ഡാം സൈറ്റിനു ഉള്‍കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ജനം അരുവിക്കരയില്‍ എത്തിയിട്ടും അധികൃതര്‍ തീരുമാനം മാറ്റിയില്ല. ഇതോടെ ക്ഷമകെട്ട വിശ്വാസികള്‍ സംഘാടകര്‍ക്കു നേരെ തട്ടികയറി. മണിക്കൂറുകളോളം ക്യു നിന്ന് തളര്‍ന്ന വൃദ്ധരും സ്ത്രീകളുമടക്കം നിരവധിപേര്‍ കുഴഞ്ഞു വീണു.
സാധാരണ പ്രത്യേക ലൈസന്‍സ് നല്കി അന്‍പതോളം പുരോഹിതരെ കര്‍മ്മികളായി അരുവിക്കരയില്‍ നിയോഗിക്കും.ഇത്തവണ കോട്ടാരക്കരയില്‍ നിന്ന് ഒരു പുരോഹിതനെ മാത്രമാണു ആയിരക്കണക്കിനു ഭക്തര്‍ക്ക് പിത്യകര്മ്മം നടത്തിക്കുന്നതിനായി സംഘാടകര്‍ ഏര്‍പ്പാടാക്കിയത്. തിക്കിലുംതിരക്കിലുംപെട്ട് ജനം പൊറുതിമുട്ടി നില്‍ക്കുമ്പോഴാണ് എംഎല്‍എ ശബരീനാഥനും പഞ്ചായത്ത് പ്രസിഡന്റ് ഹക്കീമും എത്തിയത്.ബലിയിടാനെത്തിയ ഭക്തരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും കണക്കിനു ശകാരിച്ചു.സ്ഥിതിഗതികള്‍ പന്തിയല്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇരുവരും സ്ഥലംവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: