കോട്ടയം: മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവിന് തുന്നലിട്ടെന്നുളള വാര്‍ത്തയെ തുടര്‍ന്ന് വിശദീകരണവുമായി ആശുത്രി സൂപ്രണ്ട് രംഗത്തെത്തി. വൈക്കം താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ മൂന്നു വരെയും വൈകിട്ട് 6.45 മുതല്‍ 7.30 വരെയും രണ്ടു ഘട്ടങ്ങളിലായി ഉണ്ടായ വൈദ്യുതി മുടക്കം അപ്രതീക്ഷിതമായി ഉണ്ടായ സാങ്കേതിക തകരാര്‍ അടിയന്തരമായി പരിഹരിക്കാന്‍ വേണ്ടി ആയിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ട്വിങ്കിള്‍ പ്രഭാകരന് പറഞ്ഞു.
വൈക്കം പ്രൈവറ്റ് സ്റ്റാന്‍ഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനാല്‍ കെ.എസ്.ഇ.ബി ഫെബ്രുവരി ഒന്നിന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ വൈദ്യുതി വിച്ഛേദിച്ചു. ഈ സമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ആശുപത്രിയില്‍ വൈദ്യുതി ഉറപ്പാക്കി. ഉച്ചയ്ക്ക് 2.30 ന് കെ.എസ്.ഇ.ബി. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതോടെ ആശുപത്രിയില്‍ വൈദ്യുതി കെ എസ് ഇ ബി. ലൈനിലേക്ക് ഘടിപ്പിക്കുന്ന സമയം ജനറേറ്ററില്‍നിന്ന് വൈദ്യുതി ലൈന്‍ സാധാരണ നിലയിലേക്ക് മാറ്റുന്ന ഓട്ടോമാറ്റിക് ചേഞ്ച് ഓവര്‍ സ്വിച്ചിനു തകരാര്‍ ഉണ്ടായി.ഇതോടെ വൈദ്യുതി പ്രവഹിക്കുന്നതില്‍ തടസമുണ്ടായി ആശുപത്രിയില്‍ ആദ്യഘട്ട വൈദ്യുതി മുടക്കം ഉണ്ടാവുകയുമായിരുന്നു.
തുടര്‍ന്ന് അരമണിക്കൂറിനകം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ലഭ്യമാക്കി. പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറുടെ നിര്‍ദ്ദേശപ്രകാരം ബന്ധപ്പെട്ട കമ്പനിയെ വിവരം ധരിപ്പിച്ചതനുസരിച്ച് വൈകിട്ട് 6.30 ന് തകരാര്‍ പരിഹരിക്കാനാവശ്യമായ സ്പെയര്‍ പാര്‍ട്സുകളും സാങ്കേതിക വിദഗ്ധരും എത്തി. എന്നാല്‍ തകരാര്‍ പരിഹരിക്കുന്നതിന് ജനറേറ്ററില്‍ നിന്നുള്ളത് ഉള്‍പ്പെടെ വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കേണ്ടതുണ്ടായിരുന്നു.
വൈദ്യുതി താല്‍ക്കാലികമായി വിച്ഛേദിക്കുന്ന വിവരം രോഗികളെയും കൂട്ടിരിപ്പുകാരെയും ആശുപത്രിയിലെ അനൗണ്‍സ്മെന്റ് സംവിധാനത്തിലൂടെ മുന്‍കൂര്‍ അറിയിക്കുകയും യു.പി.എസ്. വഴി അത്യാഹിത വിഭാഗം, നിരീക്ഷണ മുറികള്‍ എന്നിവയില്‍ നേരിട്ട് വൈദ്യുതി ഉറപ്പാക്കുകയും ചെയ്തു. മറ്റ് വാര്‍ഡുകളില്‍ ആവശ്യത്തിന് മെഴുകുതിരികള്‍ ലഭ്യമാക്കിയും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിരുന്നെന്ന് സൂപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: