കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തടയുന്നതിനാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിയതെന്ന് മുംബൈ നോര്‍ത്ത് ഈസ്റ്റ് ബിജെപി എംപി കിരിത് സോമയ്യ. ചരക്ക് സേവന നികുതി ബില്‍ പാസാക്കുന്നത് തടയുകയായിരുന്നു കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ലക്ഷ്യം.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ബില്ലിനെ പ്രാദേശിക പാര്‍ട്ടികളും വിവിധ സംസ്ഥാനങ്ങളും അനുകൂലിക്കുമ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമ്മേളനം തടസ്സപ്പെടുത്തിയത്. ബില്‍ പാസാക്കാന്‍ വൈകുന്നതിനാല്‍ രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നത്. ലളിത് മോദിയോ അഴിമതിയോ ആയിരുന്നില്ല കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ജിഎസ്ടി ബില്ലായിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ലളിത് മോദിയെ തിരിച്ചെത്തിക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്ന രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഐപിഎല്‍ അഴിമതി നടന്നതും ലളിത് മോദി ലണ്ടനിലേക്ക് രക്ഷപ്പെട്ടതും യുപിഎ ഭരണകാലത്താണ്. ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലും അന്ന് സര്‍ക്കാരിന് സാധിച്ചില്ല. എന്‍ഡിഎ സര്‍ക്കാര്‍ ലളിത് മോദിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.
പാര്‍ലമെന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷ നടപടിയും, ചരക്ക് സേവന നികുതിയുടെ ഗുണഫലങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ്-ഇടത് എംപിമാരുടെ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനസഭകള്‍ സംഘടിപ്പിക്കും. സപ്തംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ രണ്ട് വരെയാണ് രാജ്യവ്യാപകമായി പരിപാടികള്‍ നടക്കുന്നത്. ഇതിനായി 20 കേന്ദ്രമന്ത്രിമാരും 100 എംപിമാരും കേരളത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
















