ന്യൂദല്‍ഹി: ലളിത് മോദി വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സോണിയാഗാന്ധിയുടെ സഹോദരിക്കെതിരെയും പ്രിയങ്ക ഗാന്ധിക്കെതിരെയും ആരോപണം ഉയര്‍ന്നു. സോണിയയുടെ സഹോദരി ലളിത് മോദിയില്‍ നിന്നും പണം കൈപ്പറ്റിയെന്ന് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നുള്ള സതീഷ്‌കുമാര്‍ ഗൗതമാണ് ആരോപണം ഉന്നയിച്ചത്.
പ്രിയങ്ക ഗാന്ധിയും പണം വാങ്ങിയതായി സതീഷ് ആരോപിച്ചു. സഹോദരിക്കെതിരായ ആരോപണം ഉയര്‍ന്നതോടെ സോണിയാഗാന്ധി സീറ്റില്‍ നിന്നും ചാടിയെണീറ്റ് നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.
ലളിത് മോദി വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരായി കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതിനിടെയായിരുന്നു ബഹളം. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെ സംസാരിക്കുന്നതിനിടെ സുഷമാ സ്വാരാജിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോഴാണ് സതീഷ്‌കുമാര്‍ സോണിയയുടെ സഹോദരി ലളിത് മോദിയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞത്. ഇതോടെ അനുവാദമില്ലാതെ സംസാരിക്കാനാവില്ലെന്ന് പറഞ്ഞ് സോണിയാഗാന്ധിയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതോടെ സഭ നിര്‍ത്തിവെച്ചു.
മുതിര്‍ന്ന അംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പിന്നീട് സഭ ചേര്‍ന്നപ്പോള്‍ വിശദീകരിച്ചതോടെയാണ് കോണ്‍ഗ്രസ് അല്‍പ്പം തണുത്തത്.
















