ശ്രീനഗര്‍: ഉദംപൂരില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാനി ഭീകരന്‍ മുഹമ്മദ് നവീദിനെ ജീവനോടെ പിടികൂടിയ നാട്ടുകാരില്‍ രണ്ടുപേര്‍ക്ക് ധീരതയ്‌ക്കുള്ള ശൗര്യചക്ര ബഹുമതി നല്‍കണമെന്ന് ജമ്മു കശ്മീര്‍ പൊലീസ്. രാകേഷ് കുമാര്‍ ശര്‍മ, ബിക്രംജിത് എന്നിവര്‍ക്ക് പൊലീസില്‍ ജോലിനല്‍കണമെന്നു ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.
ഉധംപൂരിലെ പഖ്‌ലായി സ്വദേശി രാകേഷ് കുമാര്‍ ശര്‍മ, നാനാക് നഗര്‍ സ്വദേശി ബിക്രംജിത് സിങ് എന്നിവരാണ് ഭീകരനെ പിടികൂടി ഭാരതത്തിന്റെ അഭിമാനമായി മാറിയത്. രാകേഷ് കുമാറിന് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ജോലിയ്‌ക്ക് കയറാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ട്. എന്നാല്‍ ബിക്രംജിത് സിങിന്റെ കാര്യത്തില്‍ അങ്ങനയല്ല. അതുകൊണ്ട് വിദ്യാഭ്യാസ മാനദണ്ഡത്തിന്റെ കാര്യത്തില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിനെ സമീപിക്കും.
ഈ മാസം അഞ്ചിനായിരുന്നു ഉദംപൂരില്‍ ബിഎസ്‌എഫ് വാഹനവ്യൂഹത്തിനു നേര്‍ക്ക് ആക്രമണം. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തെത്തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച നാവേദിനെ ബന്ദികളായ രാകേഷ്, വിക്രംജിത്ത് എന്നിവര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി സൈന്യത്തിനു കൈമാറിയത്. ഇരുവരുടെയും ധീരതയെ സൈന്യവും ജമ്മു കശ്മീര്‍ സര്‍ക്കാരും പ്രകീര്‍ത്തിച്ചിരുന്നു
















