ജയ്‌പൂര്‍: മരണാസന്നരായ ജൈനമത വിശ്വാസികള്‍ ജലപാനവും, ഭക്ഷണവുമുപേക്ഷിച്ച് സ്വയം മരണം വരിക്കുന്ന സന്താറ അല്ലെങ്കില്‍ സല്ലേഖന എന്നറിയപ്പെടുന്ന അനുഷ്ഠാനം നിയമ വിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഇത്തരത്തില്‍ നിരാഹാരം അനുഷ്ഠിക്കുന്നത് ആത്മഹത്യയ്‌ക്കു തുല്യമാണെന്നും അതിനാല്‍ അനുഷ്ഠിക്കുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഐപിസി സെക്ഷന്‍ 309 പ്രകാരം നിരാഹാരത്തിലൂടെ സ്വയം മരണത്തെ വരിക്കുന്നത് ആത്മഹത്യചെയ്യുന്നതിനു തുല്യമാണ്. ഇതിനെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്നും കുട്ടിച്ചേര്‍ത്തു.
ജൈനമത വിശ്വാസ പ്രകാരമുള്ള സന്താറ അനുഷ്ഠാനം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ നിഖില്‍ സോണി സമര്‍പ്പിച്ച പൊതു താത്പ്പര്യ ഹര്‍ജിയിലാണ് ഈ വിധി. ഏത് മതത്തില്‍ വിശ്വസിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ അനുഷ്ഠാനം വിശ്വാസികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും മരണത്തിനു കാരണമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി സന്താറ നിയമിരുദ്ധമാണെന്ന് ഉത്തരവിടുകയായിരുന്നു. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനില്‍ അംബ്വാനി, ജസ്റ്റിസ് വി. എസ്. സിരധന എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എന്നാല്‍, കോടതിയുടെ ഈ പരാമര്‍ശത്തിനെതിരെ ജൈനമത വിശ്വാസികള്‍ രംഗതെത്തിയിട്ടുണ്ട്. സന്താറ അല്ലെങ്കില്‍ സല്ലേഖന എന്നറിയപ്പെടുന്ന ഈ ജൈനമതാനുഷ്ഠാനത്തിന് ആയിരം വര്‍ഷത്തോളം പഴക്കമുള്ളതാണ്. ഇതിനെ എതിര്‍ത്തുകൊണ്ടുള്ള ഹൈക്കോടതി വിധി അപ്രതീക്ഷിതമായിരുനെന്നും ജൈന മതത്തെക്കുറിച്ച് പഠനം നടത്തുന്ന മനീഷ് മോദി അറിയിച്ചു.
മരണത്തിനു മുമ്പ് അനുഷ്ഠിക്കുന്ന ഏറ്റവും വലിയ ത്യാഗമാണ് സന്താറയെന്ന് ജൈനമത പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്. 2006ല്‍ 93കാരിയായ കെയ്‌ല ദേവി ഹിരാവത് ജെയ്‌പൂരില്‍ സന്താറ അനുഷ്ഠിച്ച് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ മാധ്യമങ്ങളില്‍ ഈ അനുഷ്ഠനത്തെ കുറിച്ച് ചര്‍ച്ച നടത്തുകയും ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
















