ന്യൂദല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാഗതിയെ തടസപ്പെടുത്താന്‍ ചില വ്യക്തികള്‍ പാര്‍ലമെന്റിനെ ദുരുപയോഗപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്.
പാര്‍ലമെന്റ് സ്തംഭനത്തെ എതിര്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളെ അദ്ദേഹം അനുമോദിച്ചു. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിഷേധത്തെ പിന്തുണയ്‌ക്കില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മുലായം സിങ് യാദവിന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചായിരുന്നു അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
അനാവശ്യമായ വിട്ടുവീഴ്ചകള്‍ക്കായുള്ള കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം അംഗികരിച്ചാല്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ അഭിമാനമാകും ചോദ്യം ചെയ്യപ്പെടുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചര്‍ച്ചയ്‌ക്ക് തയ്യാറാകാതെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന കോണ്‍ഗ്രസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന പ്രമേയം ലോകസഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇന്നും നാളെയും സഭയില്‍ ഹാജരാകണമെന്ന് കാണിച്ച് ബിജെപി മുഴുവന്‍ അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ ഇന്നും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രതിഷേധം തുടര്‍ന്നു. കൈയ്യില്‍ കറുത്ത ബാന്‍ഡ് കെട്ടി മുദ്രാവാക്യം വിളികളുമായാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നും സഭയിലെത്തിയത്. ബഹളം മൂലം രാജ്യസഭ ഉച്ചവരെ നിര്‍ത്തിവെച്ചു.
പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുത്തുന്ന കോണ്‍ഗ്രസ് നിലപാടില്‍ മുലായം സിംഗ് യാദവ് ഇന്നലെ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാര്‍ലമെന്റ് പ്രവര്‍ത്തനം നടക്കണമെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ താല്‍പര്യമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെയുള്ള ആരോപണങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അനുവദിക്കണമെന്നും യാദവ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് അവരുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഇനിമുതല്‍ സമാജ്വാദി പാര്‍ട്ടി അവരെ പിന്തുണയ്‌ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















