ജമ്മു: ഉധംപൂരില്‍ ആക്രമണം നടത്തുന്നതിനിടെ പിടിയിലായ പാകിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് നവേദ് യാക്കൂബിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കസ്റ്റഡിയില്‍ വിട്ടു.
നവേദിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന എന്‍ഐഎയുടെ ആവശ്യത്തെ തുടര്‍ന്നാണ് പ്രത്യേക എന്‍ഐഎ കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. നവേദിനു പ്രാദേശികമായി ചില സഹായങ്ങള്‍ ലഭിച്ചതായി എന്‍ഐഎ സംഘം വെളിപ്പെടുത്തി. ഇതൊരു ബിസിനസുകാരനാണ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പണം നല്‍കിയ ബിസിനസുകാരന്‍ ശ്രീനഗറിലെ ഒരു കടയുടമയാണെന്നാണ് സൂചന. കാശ്മീരില്‍ ലഷ്‌കര്‍ ശൃംഖലയ്‌ക്ക് ഭീകരാക്രമണങ്ങള്‍ നടത്താന്‍ നവേദും നൊമാനും മുഖേന പണം എത്തിച്ചത് ഇയാളാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
സംഘാംഗങ്ങള്‍ക്ക് വീതിച്ചു നല്‍കാനായി ഒരാള്‍ അഞ്ച് ലക്ഷം രൂപ തന്നെയും കൂടെയുണ്ടായിരുന്ന മുഹമ്മദ് നോമനെയും ഏല്‍പ്പിച്ചിരുന്നുവെന്നാണ് നവേദ് നേരത്തെ മൊഴി നല്‍കിയിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ നോമന്‍ കൊല്ലപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ പതിനൊന്നോളം പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, തനിക്ക് അറിയാവുന്നത് എല്ലാം പൊലീസിനോട് പറഞ്ഞു കഴിഞ്ഞു എന്നാണ് നവേദിന്റെ നിലപാട്.
















