ന്യൂദല്‍ഹി: രാജ്യത്തെ സാധാരണ ജനങ്ങള്‍ അവരില്‍ നരേന്ദ്രമോദിയെ കാണുന്നതുകൊണ്ടാണ് വലിയ ഭൂരിപക്ഷത്തോടെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സാമൂഹ്യസമരസത ലക്ഷ്യമിട്ടുള്ളതാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. പ്രഭാത് ബുക്‌സ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റിയുള്ള നാലു പുസ്തകങ്ങളുടെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ്‌സിങ്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ യുവാക്കള്‍ക്ക് പുതിയ ദിശാബോധം നല്‍കി. സാമൂഹ്യസമരസതയെന്നത് നമ്മുടെ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. രാജ്യത്തെ ജനങ്ങളുടെയെല്ലാം ജീനുകളില്‍ സമാധാനവും സാമൂഹ്യസമരസതയും അടങ്ങിയിരിക്കുന്നു. ഭാരതത്തില്‍ വിവിധ ജാതി-മത വിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി സമാധാനത്തോടെ ജീവിക്കുന്നുണ്ട്. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാഴ്‌സികള്‍ക്കും ജുതന്മാര്‍ക്കുമെല്ലാം ഭാരതം അഭയകേന്ദ്രമായിരുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള ഭാവം നമുക്കുണ്ട്. ഇതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വാജ്‌പേയി സര്‍ക്കാര്‍.
വിവിധ കക്ഷികളെ ചേര്‍ത്തുവെച്ചാണ് എന്‍ഡിഎ അധികാരത്തിലേറിയത്. 204ലെ തെരഞ്ഞെടുപ്പിലും വിവിധ രാഷ്‌ട്രീയ കക്ഷികളുമായി ചേര്‍ന്ന് മത്സരിച്ച് വലിയ വിജയം നേടിയപ്പോള്‍ വേണമെങ്കില്‍ ഒറ്റയ്‌ക്ക് പോലും സര്‍ക്കാരുണ്ടാക്കാനുള്ള സാഹചര്യമുണ്ടായിട്ടും എല്ലാവരേയും ചേര്‍ത്ത് സമഭാവനയോടെ ഭരിക്കാനാണ് ശ്രമിച്ചതെന്നും രാജ്‌നാഥ്‌സിങ് കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയ സാമൂഹ്യസുരക്ഷാ പദ്ധതികളെല്ലാം സമുഹത്തിലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയിട്ടുള്ളതായിരുന്നു. ഇന്‍ഷുറന്‍സ് പദ്ധതിയും ജന്‍ധന്‍ യോജനയും ടോയ്‌ലറ്റുകളുടെ നിര്‍മ്മാണവുമെല്ലാം സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവിജയത്തിന് പിന്നില്‍ ഏകനിഷ്ഠയോടെയുള്ള നാല്‍പ്പത് വര്‍ഷങ്ങളുടെ സമര്‍പ്പണമുണ്ടെന്ന് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ദരിദ്രകുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വജീവിതം സമാജത്തിനായി സമര്‍പ്പിച്ച് സാമൂഹ്യഐക്യത്തിനായി പ്രവര്‍ത്തിച്ച് പ്രധാനമന്ത്രി പദത്തിലെത്തിയെന്നും അമിത് ഷാ പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ പോലുമാകാതെ ഒരു സന്നിഗ്ധ ഘട്ടത്തില്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്ത മോദി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ ആദ്യം വിശ്വസിക്കാനും ഫലം കാണുമെന്ന് കരുതാനും എല്ലാവരും മടിച്ചിരുന്നു.
ഗ്രാമങ്ങളില്‍ 24മണിക്കൂറും വൈദ്യുതി, പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി നടപ്പാക്കിയ പദ്ധതി എന്നിവയെല്ലാം ആദ്യം പ്രഖ്യാപിച്ചപ്പോള്‍ ഫലം കാണുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അവയെല്ലാം വര്‍ഷങ്ങളായി ഗുജറാത്തില്‍ നല്ലനിലയില്‍ നടക്കുന്നു. ഇതേ രീതി തന്നെയാണ് പ്രധാനമന്ത്രി പദത്തിലെത്തിപ്പോഴും അദ്ദേഹം സ്വീകരിക്കുന്നത്. സാധാരണക്കാര്‍ക്കായി നിരവധി പദ്ധതികളുമായി അദ്ദേഹം ഭരണം മുന്നോട്ടുപോകുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രമെഴുതിയ കിഷോര്‍ മക്‌വാന, പ്രഭാത് ബുക്‌സ് മേധാവി പ്രഭാത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗുജറാത്തില്‍ സംഘപ്രചാരക് ആയി പ്രവര്‍ത്തിച്ച നാളുകളില്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ ചേര്‍ത്തുവെച്ചാണ് സാക്ഷിഭാവ് എന്ന പുസ്തകം തയ്യാറാക്കിയത്. അക്കാലത്ത് മോദിക്കൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന പ്രചാരകരെപ്പറ്റിയുള്ള ലേഖനങ്ങളാണ് ജ്യോതിപുഞ്ച് എന്ന പുസ്തകം. സോഷ്യല്‍ ഹാര്‍മണിയെന്ന പുസ്തകം നരേന്ദ്രമോദിയുടെ ജീവിതത്തില്‍ അദ്ദേഹം സാമൂഹ്യസമരസതയ്‌ക്കായി സ്വീകരിച്ച നടപടികള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയതാണ്. മോദി-സാധാരണക്കാരുടെ പ്രധാനമന്ത്രിയെന്ന പുസ്തകം കഴിഞ്ഞ ഒരുവര്‍ഷക്കാലത്തിലേറെയായി മോദി സാധാരണ ജനങ്ങള്‍ക്കായി സ്വീകരിച്ച നടപടികളുടെ നേര്‍ക്കാഴ്ചയും.
















