ന്യൂദല്‍ഹി: രാജ്യമെങ്ങും നടക്കുന്ന രക്ഷാബന്ധന്‍ മഹോത്സവങ്ങള്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള വേദിയാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും തീരുമാനിച്ചു. രക്ഷാബന്ധന്റെ ഭാഗമായി രാജ്യത്തെ നാലായിരം വരുന്ന അസംബ്ലി മണ്ഡലങ്ങളിലും 10000-12000 വനിതകളെവീതം സമ്പര്‍ക്കം ചെയ്ത് പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന എന്നീ പദ്ധതികളില്‍ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.
ആഗസ്ത് 29വരെ നീളുന്ന ആഘോഷകാലത്ത് വടക്കന്‍ഭാരതത്തില്‍ എല്ലാവിഭാഗം ജനങ്ങളും ആഘോഷിക്കുന്ന രക്ഷാബന്ധന്‍ ഉത്സവത്തെ കേരളം,കര്‍ണ്ണാടകം,തമിഴ്‌നാട് തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളിലും സാമൂഹ്യ ഉത്സവമായി കൊണ്ടാടും. പ്രതിവര്‍ഷം 330 രൂപ അടച്ചാല്‍ രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന.
പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജനയാകട്ടെ പ്രതിവര്‍ഷം കേവലം 12 രൂപ മാത്രം അടച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ അപകടഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയും. സാഹോദര്യത്തിന്റെ ഉത്സവമായ രക്ഷാബന്ധനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും മികച്ച രണ്ട് പദ്ധതികള്‍ എത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.
കഴിഞ്ഞമാസം അവസാനം നടത്തിയ മന്‍കി ബാത്ത് പ്രഭാഷണത്തിലുള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ആശയമാണ് രക്ഷാബന്ധന്‍ വേളയില്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ആശയം. രാഖിബന്ധനത്തിലൂടെ സാഹോദര്യത്തിന്റെ സന്ദേശം കൈമാറുന്നതിനൊപ്പം ആ കുടുംബത്തിന്റെ സുരക്ഷ കൂടി ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്‌ക്കുന്നത്. ബിജെപിക്ക് പുറമേ മറ്റു സംഘടനകളും കേന്ദ്രസര്‍ക്കാര്‍ പദ്ധതി ജനങ്ങളിലെക്കെത്തിക്കുന്നതിനായി രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ നടക്കുന്ന രക്ഷാബന്ധന്‍ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ നേതൃത്വം മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍, ബിജെപി ജനറല്‍ സെക്രട്ടറി അനില്‍ ജയിന്‍, സെക്രട്ടറിമാരായ സുധ യാദവ്, ജ്യോതി ദുര്‍വെ,മഹിളാമോര്‍ച്ച പ്രസിഡന്റ് വിജയ രഹത്കര്‍ എന്നിവര്‍ക്കാണ്.
















