ന്യൂദല്‍ഹി:ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോര്‍വാട്ടിന്റെ മാതൃകയില്‍ ബീഹാറില്‍ ക്ഷേത്രം ഉയരാനിടയില്ല. അങ്കോര്‍വാട്ടിന്റെ മാതൃകയില്‍ ബീഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ നടന്നിരുന്ന ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. കംബോഡിയന്‍ സര്‍ക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണിത്.
കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇത് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. 200 ഏക്കറുകളിലായുള്ള ക്ഷേത്രഭൂമിയില്‍ 40 ഏക്കര്‍ പ്രദേശത്തെ മുസ്ലീം സമുദായക്കാര്‍ വിട്ടുനല്‍കിയതാണ്. അതും വളരെ തുച്ഛമായ തുകയ്‌ക്ക്. അതുകൊണ്ടുതന്നെ ക്ഷേത്രനിര്‍മാണം ഹിന്ദു-മുസ്ലിം മതസൗഹാര്‍ദ്ദത്തിന് ലോകത്തിനു തന്നെ മാതൃകയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
മഹാവീര്‍ ട്രസ്റ്റാണ് നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്രസമുച്ചയത്തില്‍ 12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച വിരാട് രാമായണ്‍ മന്ദിര്‍ ആണ് ലോകത്തില്‍ ഇന്ന് ഏറ്റവും ഉയരമുള്ള ക്ഷേത്രം. ഇതിന്റെ മാതൃകയില്‍ പണിയാനാണ് ഉദ്ദേശിച്ചത്. ഇതിനെ എതിര്‍ത്ത് കംബോഡിയന്‍ സര്‍ക്കാര്‍ രംഗതെത്തിയതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ക്ഷേത്രത്തിന്റെ ഗോപുരം മാത്രമേ മാതൃകയാക്കുന്നുള്ളൂവെന്നാണ് മഹാവീര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുനാല്‍ പറയുന്നത്.
500കോടിയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിച്ചത്. ക്ഷേത്രനിര്‍മാണത്തിനായുള്ള ഔദ്യോഗിക നടപടി ക്രമങ്ങളെല്ലാം ഇത് പൂര്‍ത്തിയാക്കി കഴിഞ്ഞതാണ്. സംസ്ഥാനത്തെ വിനോദ സഞ്ചാരികളേക്കാള്‍ തീര്‍ത്ഥാടകരെ ഉദ്ദേശിച്ചാണ് ഇത് നിര്‍മിക്കുന്നത്.
ക്ഷേത്രനിര്‍മാണത്തില്‍ കംബോഡിയന്‍ സര്‍ക്കാര്‍ ഇതിനുമുമ്പും അതൃപ്തി പ്രകടിപ്പിച്ചതാണ്.യുനെസ്‌കോ ലോകപൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച ക്ഷേത്രമാണ് അങ്കോര്‍വാട്ട്. കംബോഡിയന്‍ പ്രാധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കംബോഡിയന്‍ അംബാസഡര്‍ ഹുന്‍ ഹുന്‍ കഴിഞ്ഞ മെയില്‍ ഭാരതം സന്ദര്‍ശിച്ചിരുന്നു.
















