ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധിച്ചു തുടങ്ങി. പരിശോധന ഒഴിവാക്കേണ്ട വിവിഐപികളുടെ പേരുകള്‍ക്കൊടുവിലായി 31-ാമത് ഉണ്ടായിരുന്ന വാദ്രയുടെ പേര് വിമാനത്താവളങ്ങളില്‍ നിന്നും മറച്ചുവെച്ചു തുടങ്ങി.
വാദ്രയുടെ പേര് നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യോമയാന മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. ഗോവ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍നിന്നും വാദ്രയുടെ പേര് നീക്കം ചെയ്തുകഴിഞ്ഞു. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, സുപ്രീംകോടതി ജഡ്ജിമാര്‍, എസ്പിജി സംരക്ഷണമുള്ളവര്‍ തുടങ്ങിയ മുപ്പതോളം വിഭാഗത്തിലുള്ളവരെയാണ് വിമാനത്താവളങ്ങളില്‍ നിന്നും പരിശോധന ഒഴിവാക്കി കടത്തിവിടുന്നത്. ഇതിനു താഴെയായി റോബര്‍ട്ട് വാദ്രയെന്ന് പ്രത്യേകം പേരെഴുതി വാദ്രയെ പരിശോധനകളില്‍ നിന്നും മുന്‍യുപിഎ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ത്തന്നെ വാദ്രയുടെ പേര് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അങ്ങനെ ചെയ്താല്‍ തന്റെ എസ്പിജി സംരക്ഷണവും പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു.
















