കോട്ടയം: തീവണ്ടികളില്‍ ആവശ്യത്തിന് പോലീസ് ഇല്ലാത്തതാണ് മോഷണം വര്‍ദ്ധിക്കാന്‍ കാരണം. തിരക്കേറിയ തീവണ്ടികളില്‍ പോലും രണ്ട് പോലീസൂകാര്‍മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. അതാത് സംസ്ഥാനങ്ങളില്‍ തീവണ്ടി എത്തുമ്പോള്‍ സുരക്ഷ വഹിക്കുന്നത് സംസ്ഥാന പോലീസാണ്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് തീവണ്ടികളില്‍ നാമമാത്രമായി പോലീസുകാരെ നിയമിക്കുന്നത്. ഇതാണ് പലപ്പോഴും മോഷണത്തിന് പ്രേരകമാകുന്നത്. കന്യാകുമാരി മുതല്‍ ബംഗളൂരുവരെ പോകുന്ന ഐലന്റ് എക്‌സ്പ്രസ്സില്‍ തൃശ്ശൂരില്‍ നിന്നുമാണ് കേരളാ പോലീസ് കയറുന്നത്.
നിലവില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ നല്‍കാത്തതാണ് തീവണ്ടികളില്‍ പലപ്പോഴും കേരളാ പോലീസിന്റെ വേണ്ടത്ര സാന്നിധ്യം ഇല്ലാതാകുന്നത്. പോലീസുകാര്‍ക്ക് നല്‍കിവന്നിരുന്ന പല ആനുകൂല്യങ്ങളും അടുത്തിടെ വെട്ടിക്കുറച്ചു. തുടര്‍ച്ചയായി തീവണ്ടികളില്‍ മോഷണങ്ങളും അക്രമങ്ങളും വര്‍ദ്ധിക്കുമ്പോള്‍ അത് തടയാന്‍ കഴിയാതെ നിസ്സാഹായവസ്ഥയിലാണ് പലപ്പോഴും റെയില്‍വേ പോലീസും. തീവണ്ടികളില്‍ പരിശോധന നടത്തുന്നതിന് മതിയായ ടിടി സ്‌ക്വാഡുകള്‍ ഇല്ലാത്തതും അക്രമം പെരുകുവാന്‍ കാരണമാകുന്നുണ്ട്. ഇരു സേനാ വിഭാഗങ്ങളും സംയുക്തമായി സുരക്ഷാ ചുമതല വഹിച്ചിരുന്നപ്പോള്‍ തീവണ്ടികളില്‍ അക്രമവും മോഷണവും നാമമാത്രമായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തീവണ്ടികളിലെ മോഷണങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും ഭയമില്ലാതെ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് യാത്രക്കാര്‍.
നാമമാത്രമായ റെയില്‍വേ പോലീസിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇവിടെ സംസ്ഥാന പോലീസിന്റെ സഹകരണമില്ലാതെ അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇന്നലെ തിരുവനന്തപുരത്ത് നിന്നും ദല്‍ഹിക്കു പോകുകയായിരുന്ന കേരളാ എക്‌സ്പ്രസ്സില്‍ കുടുംബത്തെ അക്രമിച്ച് മോഷണം നടത്തിയ സംഭവം ഒടുവിലത്തെ ഉദാഹരണമാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു കുടുംബത്തെ അക്രമിച്ച് 3000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. പരിക്കേറ്റ കുടുംബനാഥയുടെ നില ഗുരുതരമാണ്.
യാത്രക്കാര്‍ കുറവുള്ള കമ്പാര്‍ട്ട്‌മെന്റ് ലക്ഷ്യംവച്ച് കയറുന്ന മോഷ്ടാക്കള്‍ക്ക് പോലീസിന്റെ അസാന്നിധ്യം ഏറെ സഹായകരമാണ്. ഇന്നലത്തെ അക്രമവും യാത്രക്കാര്‍ കുറവുള്ള കമ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു.
















