ധാക്ക: ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ, തന്റെ കാലാവധി അവസാനിക്കാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രാജി വച്ചിരിക്കുന്നത്.
76 കാരനായ മുഹമ്മദ് ഷഹാബുദ്ദീൻ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പാർലമെൻ്റ് സ്‌പീക്കർ ഹാഫിസുദ്ദീൻ അഹമ്മദിന് അയച്ച രാജിക്കത്തിൽ അറിയിച്ചിരിക്കുന്നത്. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ എന്നിങ്ങനെ ഗുരുതരമായ അസുഖമുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
“അടുത്തിടെ, മെഡിക്കൽ പരിശോധനകളിൽ ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗം കണ്ടെത്തി. ഈ അസുഖം കാരണം, ചിലപ്പോൾ ബോധരഹിതനാകാറുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു ഭരണഘടനാ പദവിയായ പ്രസിഡൻ്റ് സ്ഥാനം നിർവഹിക്കാൻ എനിക്ക് ശാരീരികമായും മാനസികമായും കഴിവില്ല,” എന്നാണ് രാജി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബാങ്കോക്കിലേക്കുള്ള സന്ദർശനം വെട്ടിച്ചുരുക്കി ധാക്കയിലേക്ക് മടങ്ങിയ സ്‌പീക്കർ അഹമ്മദ്, പ്രസിഡൻ്റിന്റെ രാജി സ്വീകരിച്ചതായി അറിയിച്ചു.
പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം ബംഗ്ലാദേശ് ഭരണഘടന അനുസരിച്ച് ആക്‌ടിങ് പ്രസിഡൻ്റായി സേവനമനുഷ്‌ഠിക്കും. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ സർക്കാരിൽ ഷഹാബുദ്ദീനിൽ അസ്വസ്ഥരാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അപ്രതീക്ഷിത രാജി. 1971 ലെ വിമോചന യുദ്ധത്തിലെ മുൻ സൈനികനും മുൻ ലോവർ ജുഡീഷ്യറി ജഡ്‌ജിയുമാണ് ഷഹാബുദ്ദീൻ. 2023 ഏപ്രിലിലാണ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്‌തത്.
ഹസീനയുടെ പതനത്തിനു ശേഷം വന്ന ഇടക്കാല ഭരണകൂടം തന്നെ പൂർണമായി അവഗണിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് കീഴിൽ പ്രസിഡന്റിന്റെ ഭരണഘടനാപരമായ പദവി സംബന്ധിച്ച അസ്വസ്ഥതകൾ നിലനിന്നിരുന്നതായും സൂചനകളുണ്ട്. അതേസമയം, ഷഹാബുദ്ദീനും ഹസീനയും തമ്മിൽ ഫോണിൽ സംസാരിച്ചുവെന്ന തരത്തിലുള്ള വാർത്തകളാണ് പ്രസിഡന്റിന്റെ രാജിക്ക് കാരണമെന്ന് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
















