പത്തനംതിട്ട : വനമേഖലയിലെ ഈറ്റവെട്ട് മുടങ്ങിയതോടെ പരമ്പരാഗത തൊഴിലാളികള്‍ ദുരിതത്തില്‍. ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന പല തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്. കാലാവസ്ഥ പ്രതികൂലമായതോടെ ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമായി.
ബാംബൂ കോര്‍പ്പറേഷന്റെ ഈറ്റവെട്ട് മുടങ്ങിയതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയത്. വനംവകുപ്പിന്റെ അനുമതി വൈകുന്നതാണ് ഈറ്റവെട്ട് മുടങ്ങാന്‍ കാരണമെന്നാണ് അറിയുന്നത്.
ആങ്ങമൂഴി, ഗുരുനാഥന്‍മണ്ണ്, കൊച്ചുകോയിക്കല്‍, പമ്പാവാലി, അട്ടത്തോട്, തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട് മേഖലയിലെ തൊഴിലാളികളാണ് മാസങ്ങളായി ജോലിയില്ലാതെ ദുരിതം അനുഭവിക്കുന്നത്.
നാലുവശവും വനത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തെ തൊഴിലാളികള്‍ക്ക് ഈറ്റശേഖരണമല്ലാതെ മറ്റ് തൊഴിലുകള്‍ ഒന്നുമില്ല. വനത്തിനുള്ളില്‍ നിന്നും ഈറ്റ ശേഖരിക്കുന്നതിന് വനംവകുപ്പ് അനുമതി നല്‍കാത്തതാണ് വെട്ട് മുടങ്ങാന്‍ കാരണമെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. എല്ലാവര്‍ഷവും രണ്ടുമാസത്തോളം ഈറ്റവെട്ട് നിര്‍ത്തിവച്ചതിനു ശേഷം പുനരാരംഭിക്കുകയാണ് പതിവ്. ഇത് ഈവര്‍ഷം മുടങ്ങിയതാണ് തൊഴിലാളികളുടെ ദുരിതത്തിന് കാരണം. ജില്ലയില്‍ ആങ്ങമൂഴിയിലാണ് ഏറ്റവുമധികം തൊഴിലാളികളുളളത്. ഇവിടെ ഈറ്റവെട്ടിനും ലോഡിംഗിനും കൂടി ആയിരത്തിലധികം തൊഴിലാളികളുണ്ട്. അട്ടത്തോട് മേഖലയില്‍ തന്നെ ഏതാണ്ട് എണ്‍പതിലധികം കുടുംബങ്ങളാണ് ഈറ്റവെട്ടി ഉപജീവനം നടത്തുന്നത്. തൊഴിലാളികള്‍ക്ക് പണിയില്ലാത്തത് ചെറുകിട വ്യാപാരികളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ശബരിമല, ഗൂഡ്രിക്കല്‍ വനമേഖലയില്‍ നിന്നാണ് മധ്യതിരുവിതാംകൂറില്‍ ബാംബൂ കോര്‍പ്പറേഷന്‍ ഏറ്റവുമധികം ഈറ്റ ശേഖരിക്കുന്നത്. മുന്തിയ ഇനം ഈറ്റയാണ് ഇവിടെയുള്ളത്. ഇപ്പോഴും ഇവിടെ വെട്ടിയെടുക്കാന്‍ പാകത്തില്‍ വന്‍തോതില്‍ ഈറ്റ വിളഞ്ഞു നില്‍ക്കുന്നുണ്ട്.
കിഴക്കന്‍മേഖലയില്‍ നിന്നുള്ള ഈറ്റശേഖണം നിലച്ചതോടെ ബാംബൂ കോര്‍പ്പറേഷന്റെ വിവിധ ഈറ്റവില്‍പ്പന ഡിപ്പോകളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ഈറ്റ വരവ് നിലച്ചതോടെ ഡിപ്പോകളില്‍ നിന്ന് ഈറ്റവാങ്ങി കുട്ട, മുറം, പരമ്പ് തുടങ്ങിയവ നെയ്യുന്ന പരമ്പരാഗത തൊഴിലാളികളേയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.ഇതിന് പുറമേ വെറ്റില കര്‍ഷകരും ഈറ്റയുടെ ലഭ്യത ഇല്ലാത്തതിനാല്‍ ഏറെ വിഷമിക്കുന്നു. ഈറ്റകള്‍ അതാത് സമയം വെട്ടിനീക്കിയില്ലെങ്കില്‍ ഇവ സ്വയമേ നശിച്ചുപോകുകയാണ് പതിവ്. മൂപ്പെത്തിയ ഈറ്റകള്‍ വെട്ടിമാറ്റാനുള്ള അനുമതി വൈകുന്നത് തൊഴിലാളികള്‍ക്കും ബാംബൂകോര്‍പ്പറേഷനു ഏറെ നഷ്ടമാണ് വരുത്തുന്നത്.
















