ജടായുവിനെ സംസ്‌കരിച്ചശേഷം രാമലക്ഷ്മണന്മാര്‍ ദക്ഷിണദേശത്തേക്കുയാത്രയായി. പക്ഷീന്ദ്രനില്‍നിന്നു ലഭിച്ച സൂചനകള്‍ അവര്‍ക്കു വിലപ്പെട്ടതായിരുന്നു. എങ്കിലും ഇടതിങ്ങിയ വനത്തിലൂടെ എത്രദൂരം പോകണമെന്നതിനു ഒരു നിശ്ചയവുമില്ല.
കുറേ ദൂരം ചെന്നപ്പോള്‍ അവര്‍ വലിയ ഗുഹക്കരികില്‍ മൃഗങ്ങളെ ഭക്ഷിച്ചിരുന്ന ഒരു ഭയങ്കരിയെ കണ്ടു. രാക്ഷസിയായ അവര്‍ ഓടിവന്ന് മുന്നില്‍ നടന്നിരുന്ന ലക്ഷ്മണനെ കെട്ടിപ്പിടിച്ചു.” വരൂ പ്രിയപ്പെട്ടവനെ ! നമുക്കുരമിക്കാം. എന്റെപേര്‍ അയോമുഖിഎന്നാണ്. ഈ പര്‍വതങ്ങളിലും പുഴയോരങ്ങളിലും ദീര്‍ഘകാലം നമുക്കു രമിച്ചു ജീവിക്കാം.”
കുതറിമാറിയ ലക്ഷ്മണന്‍ കുപിതനായി വാളടുക്കലും ആ രാക്ഷസിയുടെ ചെവികളും മൂക്കും മുലകളും അരിഞ്ഞു വീഴ്്ത്തലും ഉടനെ കഴിഞ്ഞു! നിലവിളിച്ചുകൊണ്ടു രാക്ഷസിഓടിപ്പോവുകയും ചെയ്തു!
എഴുത്തച്ഛന്റെ രാമായണത്തില്‍ ഇങ്ങനെ ഒരുകാര്യം സൂചിപ്പിക്കുന്നതേയില്ല. സംഭവം വളരെ ചെറുതാണ്. സമ്മതിച്ചു, എങ്കിലും അതിന്റെ പ്രസക്തി ചെറുതല്ല. നേരത്തെ ശൂര്‍പ്പണഖ രാമലക്ഷ്മണന്മാരോടു പറഞ്ഞ നിര്‍ലജ്ജമായ അതേ വാക്കുകളാണ് അയോമുഖിയും ആവര്‍ത്തിക്കുന്നത്.- രാക്ഷസീയ കാമം തന്നെ.
ലക്ഷ്്മണന്‍ പക്ഷെ, തന്നെ സ്വാധീനിക്കാന്‍ വന്ന അയോമുഖിഎന്ന കാമരൂപിണിയോടു തമാശകള്‍ക്കൊന്നും നിന്നില്ല. അല്പവും ദയ കാട്ടിയില്ല. രാക്ഷസിയുടെ ചെവിയും മൂക്കും മാത്രമല്ല മുലകളും അരിഞ്ഞു വീഴ്‌ത്തി. ആ ‘ഇടപാടു’ തീര്‍ത്തു! തന്റെ കാര്യം തീരുമാനിക്കാന്‍ താന്‍മതി എന്ന താന്‍ പോരിമയല്ലേ ലക്ഷ്മണന്‍ കാട്ടിയത്? കാമാര്‍ത്ഥിയായിവന്നവളെ ജ്യേഷ്ഠന്റെ അടുക്കലേയ്‌ക്ക് അയച്ചില്ല, അഭിപ്രായം ചോദിച്ചില്ല, ആജ്ഞക്കുവേണ്ടി കാത്തുനിന്നുമില്ലല്ലോ. ലക്ഷ്മണന്റെ സ്വഭാവത്തില്‍ ഇതുശ്രേഷ്ഠതചാര്‍ത്തുന്നതായി തോന്നുന്നു.
രാമലക്ഷ്മണന്മാര്‍ വീണ്ടും നടക്കുകയായി. കാടിന്റെ നിബിഡത വര്‍ദ്ധിച്ചുവന്നു. പെട്ടെന്നുമരങ്ങള്‍ ആടിയുലഞ്ഞു. ഭയപ്പെടുത്തുന്നശബ്ദവും കേട്ടു. മൃഗങ്ങള്‍ തലങ്ങും വിലങ്ങുംഓടി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചുനില്‍ക്കേശക്തമായ രണ്ടു കരങ്ങളില്‍ അകപ്പെട്ടു കഴിഞ്ഞു രാമലക്ഷ്മണന്മാര്‍!
നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു; തലയില്ലാത്ത ഒരു ഭീകരസത്വത്തിന്റെ കൈകളിലാണ്! ഒറ്റക്കണ്ണും വലിയ വായും വയറുമുള്ള ആസത്വത്തിനെ എങ്ങനെയാണ് നേരിടുക? വില്ലെടുക്കാനോ ശരം തൊടുക്കാനോ കഴിയാത്ത അവസ്ഥഎങ്കിലും അവര്‍ ഒരു വിധം വാള്‍ വലിച്ചൂരി ആ ഭീകരന്റെ കരങ്ങള്‍ രണ്ടും ഒരേസമയം ഛേദിക്കുകയും താഴേക്കു ചാടുകയുംചെയ്തു.
”നമ്മുടെ കഥകഴിഞ്ഞതു തന്നെ എന്നായിരുന്നുതൊട്ടുമുമ്പ് രാമന്‍ സങ്കടത്തോടെ, നിരാശയോടെ ലക്ഷ്മണനോട് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ആര്‍ത്തനാദം പുറപ്പെടുവിച്ചും ദീനനായും രാക്ഷസന്‍ ചോദിക്കുന്നു:”എന്റെ കൈകളറുത്ത വീരന്മാരായ നിങ്ങള്‍ ആരാണ്? ദയവായി പറയൂ. ദശരഥ പുത്രനായ രാമലക്ഷ്മണന്മാര്‍ തന്നെയോ?”
”അതേ” എന്ന ലക്ഷ്മണന്റെ മറുപടികേള്‍ക്കേ രാക്ഷസന്റെ നെഞ്ചത്തെ ഒറ്റക്കണ്ണ് സന്തോഷാശ്രുക്കളാല്‍ നിറഞ്ഞു. അവന്‍ പിന്നെ തന്റെ ജന്മവൃത്താന്തം വിവരിക്കുകയായി.
”എന്റെ മഹാഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍! അനേക വര്‍ഷങ്ങളായി ഞാന്‍ കാത്തിരിക്കയാണ് നിങ്ങളെ. കബന്ധന്‍ എന്നാണ്എന്റെ ഇപ്പോഴത്തെപ്പേര്. പണ്ട് സുന്ദരനായ ഗന്ധര്‍വരാജാവായിരുന്നു.
ബ്രഹ്മാവിനെ തപസ്സുചെയ്ത് വരങ്ങള്‍ പലതും നേടിയിട്ടുണ്ട്. ആരാലും വധിക്കപ്പെടരുത് എന്നായിരുന്നു എന്റെ അതിലെ ഒരു വരം.അഹങ്കാരിയാവാന്‍ മറ്റെന്തു വേണം? യൗവ്വനോന്മാദത്തേടെ സ്ത്രീകളുമായി രമിച്ചുനടന്നു. ദുഷ്പ്രവൃര്‍ത്തികള്‍ക്കൊന്നും മടിച്ചില്ല.അക്കൂട്ടത്തില്‍ അഷ്‌ട്രാവക്രമുനിയെ പരിഹസിച്ചത് വലിയ വിനയായി. അദ്ദേഹം ശപിച്ചു.”രാക്ഷസനായി കാട്ടില്‍ അലയൂ” എന്ന്!
തെറ്റുമനസ്സിലാക്കിയ ഞാന്‍ ഉടനെ മുനിയോടു മാപ്പുപറയുകയും ശാപമോക്ഷം ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ വിഷ്ണുവിന്റെയും അനന്തന്റെയും അവതാരമായി ത്രേതായുഗത്തില്‍ രാമലക്ഷ്മണന്മാര്‍ വരുമെന്നും അവര്‍ നിന്റെ കരങ്ങള്‍ അറുക്കുമ്പോള്‍ നിനക്കു പൂര്‍വരൂപം ലഭിക്കുമെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്. ആദിവസം ഇതാ സമാഗതമായിരിക്കുന്നു. എനിക്കു സന്തോഷമായി. കൂട്ടത്തില്‍ ഈ വിചിത്രരൂപം കിട്ടിയത് എങ്ങനെ എന്ന കഥകൂടി പറയാം.
(തുടരും)
9388414034
















