ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ന്യൂസിലാന്റിന് സ്വന്തം (2-1). നിര്‍ണായക മൂന്നാം മത്സരത്തില്‍ കിവികള്‍ 38 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 6 വിക്കറ്റ് ബലികഴിച്ച് 273 റണ്‍സ് കുറിച്ചു.
കെയ്ന്‍ വില്യംസണ്‍ (90), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (42), ഗ്രാന്റ് എലിയോട്ട് (36), ജെയിംസ് നീഷം (37 നോട്ടൗട്ട്) എന്നിവര്‍ പ്രധാന സ്‌കോറര്‍മാര്‍. ഗ്രെയിം ക്രമറിന് മൂന്ന് വിക്കറ്റ്; ജോണ്‍ നയമ്പുവിന് രണ്ടും. സിംബാബ് വെയുടെ മറുപടി 47.4 ഓവറില്‍ 235ല്‍ അവസാനിച്ചു.
ഹാമില്‍ട്ടണ്‍ മസകാഡ്‌സയും (57) ഷോണ്‍ വില്യംസും (63) ചെറുത്തുനിന്നു. മിച്ചല്‍ മക്ലനാഗന്‍ മൂന്നുപേരെയും ഇഷ് സോധി രണ്ടുപേരെയും കൂടാരം പൂകിച്ചു. മാന്‍ ഓഫ് ദ മാച്ചും സീരിസും വില്യംസണ്‍.
















