ചെന്നൈ: ത്രിരാഷ്‌ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ എയെ ഓസ്‌ട്രേലിയ എ നിലംപരിശാക്കി. 119 റണ്‍സിന് ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എ 4ന് 334 റണ്‍സ് അടിച്ചുകൂട്ടി. ഇന്ത്യ എയുടെ മറുപടി 42.3 ഓവറില്‍ 215ല്‍ ഒതുങ്ങി. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് കങ്കാരുക്കളുടെ സമ്പാദ്യം 10 പോയിന്റായി. നേരത്തെ, ദക്ഷിണാഫ്രിക്കയെയും ഓസീസ് തോല്‍പ്പിച്ചിരുന്നു.
ക്യാപ്ടന്‍ ഉസ്മാന്‍ ഖ്വാജയും (100) സഹ ഓപ്പണര്‍ ജോ ബേണ്‍സും (154) പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസ്‌ട്രേലിയന്‍ എ ടീമിന്റെ ജയത്തിനാധാരം. ഒന്നാം വിക്കറ്റില്‍ ഇരുവരും 239 റണ്‍സ് വാരി. ബേണ്‍സും ഖ്വാജയും കത്തിക്കയറിയപ്പോള്‍ സ്പിന്നര്‍ കരണ്‍ ശര്‍മ്മ 5 ഓവറില്‍ വഴങ്ങിയത് 58 റണ്‍സ്. പര്‍വേസ് റസൂലും ധവാല്‍ കുല്‍ക്കര്‍ണിയും തല്ലുകൊള്ളുന്നതില്‍ മോശക്കാരായില്ല. ഖ്വാജ പത്തു ഫോറുകളും മൂന്നു സിക്‌സറും നേടി. അഞ്ചു ബൗണ്ടറികളും 14 സിക്‌സറുകളും ബേണ്‍സിന്റെ ഇന്നിങ്‌സിന് ചന്തംചാര്‍ത്തി. മാത്യു വെയ്ഡിന്റെ (34 നോട്ടൗട്ട്) മിന്നലടികളും ഓസീസ് സ്‌കോറിന് കുതിപ്പേകിയ കാര്യങ്ങളില്‍പ്പെടുന്നു.
ചേസ് ചെയ്ത ഇന്ത്യ എയെ ഓസീസ് ബൗളര്‍മാര്‍ ഏറെ വലച്ചു. വിക്കറ്റ് ടു വിക്കറ്റ് പന്തെറിഞ്ഞ സന്ദര്‍ശകര്‍ ഇന്ത്യന്‍ നിരയെ വരിഞ്ഞുമുറുക്കി. ഷോര്‍ട്ട് പിച്ച് പന്തുകളെ അലക്ഷ്യമായി കളിച്ച ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങിയെന്നു പറയാം. നായകന്‍ ഉന്മുക്ത് ചന്ദും (52) കേദാര്‍ ജാദവും (50) മാത്രമേ ചെറുത്തുനിന്നുള്ളു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി. സാംസണ്‍ 11 റണ്‍സ് കരകയറി. മായാങ്ക് അഗര്‍വാള്‍ (10), മനീഷ് പാണ്്ഡ (11), കരുണ്‍ നായര്‍ (6) തുടങ്ങിയവരും ബാറ്റ് നേരെചൊവ്വെ വീശിയില്ല. നാല് വിക്കറ്റുകള്‍ വീതം പിഴുത ഇന്ത്യന്‍ വംശജനായ ബൗളര്‍ ഗുരിന്ദര്‍ സന്ധുവും ആദം സാംപയും ചേര്‍ന്ന് ഇന്ത്യ എയെ കശാപ്പുചെയ്തു. ജെയിംസ് പാറ്റിന്‍സനും സീന്‍ അബോട്ടും ഓരോരുത്തരെ വീതം കൂടാരത്തിലെത്തിച്ചു. ബേണ്‍സ് മാന്‍ ഓഫ് ദ മാച്ച്.
















