കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മരണവിവരം പുറത്തു വന്നതിനുശേഷമുണ്ടായ ഏറ്റവും വലിയ സ്‌ഫോടനമാണ് ഇത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സമീപത്തെ മാര്‍ബിള്‍ കമ്പനിയിലെ തൊഴിലാളികളാണ്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കാബൂളിലെ ഷാഹ് ഷഹീദ് ജനവാസമേഖലക്കു സമീപത്തായി ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് കാര്‍ബോംബ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇതില്‍ 27 പേര്‍ സ്ത്രീകളും 10 പേര്‍ കുട്ടികളുമാണെന്ന് കാബൂള്‍ പൊതുജനാരോഗ്യ വിഭാഗം വക്താവ് വഹീദുള്ള മയര്‍ അറിയിച്ചു.
സ്‌ഫോടനത്തില്‍ പ്രദേശത്തെ ഭൂരിഭാഗം കെട്ടിടങ്ങളും നശിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നതു സംഭവിച്ച് തെരച്ചില്‍ നടത്തി വരികയാണ്. അതേസമയം കിഴക്കന്‍ കാബൂളിലെ ജനസാന്ദ്രതയേറിയ നഗരത്തിലെ വീടുകള്‍ക്കു സമീപത്തായി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുകള്‍ കണ്ടെടുത്തതായി കാബൂള്‍ പോലീസ് ചീഫ് ജനറല്‍ അബ്ദുള്‍ റഹ്മാന്‍ റഹിമി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ തെക്കന്‍ കിഴക്കന്‍ പ്രവിശ്യകളില്‍ വിവിധ സ്‌ഫോടനങ്ങളിലായി ഒമ്പതു പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കാബൂളിലെ ഈ ആക്രമണം. താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പുതിയ നേതാവായി മുല്ല അക്തര്‍ മന്‍സൂറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.
















