ന്യൂദല്‍ഹി: മാലിന്യങ്ങള്‍ ഒഴുക്കി ഗംഗയെ മലീമസമാക്കുന്ന വ്യവസായ സ്ഥാപങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി ലോക്‌സഭയില്‍ പറഞ്ഞു.
ഗംഗയിലേക്ക് വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ഒഴുക്കുന്നതു തടയാന്‍ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുള്ളതായി മന്ത്രി പറഞ്ഞു. ഇതിനായുള്ള പദ്ധതി ഗംഗാശുചീകരണ മന്ത്രാലയം തയ്യാറാക്കി മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കുമെന്നും ഉമാഭാരതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ പൂര്‍ണ്ണമായ സാമ്പത്തിക സഹായത്തിലാണ് നമാമി ഗംഗേ പദ്ധതി നടപ്പാക്കുന്നത്. ഗംഗയെ മാലിന്യ വിമുക്തമാക്കുവാന്‍ പ്രതിജ്ഞാബദ്ധമാണ്.
ജനപ്രതിനിധികളും സമൂഹവും ഇതിന് പിന്‍തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഗംഗാ ശൂചീകരണത്തിന് ശേഷം പദ്ധതി യമുനയിലും ഗോമതിയിലും നടപ്പാക്കും. ദാമോദര്‍ ആക്ഷന്‍ പ്ലാന്‍ നിലവില്‍ നടന്ന് വരികയാണ്. പൊതുജന പങ്കാളിത്തത്തോടെ 528 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കുന്നത്. ജൂണ്‍ വരെ പദ്ധതിക്കായി 91.75 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 2020ല്‍ പദ്ധതി പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
















