ന്യൂദല്‍ഹി: കമ്മ്യൂണിസത്തിന്റെ മുഖമുദ്ര ദേശവിരുദ്ധതയാണെന്ന് ശ്യാമപ്രസാദ് മുഖര്‍ജി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അനിര്‍ബന്‍ ഗാംഗുലി പറഞ്ഞു. ഭാരത വിഭജനത്തിലും സ്വാതന്ത്ര്യസമരത്തിലും രാജ്യം യുദ്ധം നേരിട്ട സമയങ്ങളിലുമെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദേശവിരുദ്ധത രാജ്യം തിരിച്ചറിഞ്ഞതാണെന്നും അനിര്‍ബന്‍ ഗാംഗുലി പറഞ്ഞു. ഫോറം ഫോര്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ എംഡിഎംസി കണ്‍വന്‍ഷന്‍ സെന്ററില്‍ മാര്‍ക്‌സിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ വിവിധ കമ്മ്യൂണിസ്റ്റ് ഭരണരാജ്യങ്ങളില്‍ കൊല്ലപ്പെട്ടത് 100 മില്യണിലേറെ ജനങ്ങളാണെന്ന് ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേത്കര്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ മാനിഫെസ്റ്റോ തന്നെയാണ് യഥാര്‍ത്ഥ പ്രശ്‌നകാരണമെന്നും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാല്‍ ആക്രമണം എന്നതുമാത്രമാണെന്നും കേത്കര്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്ന റഷ്യയും ചൈനയും ക്യൂബയും ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടേയും കഥകളാണ് ലോകത്തിന് നല്‍കിയത്. ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നിലനിന്ന സംസ്ഥാനങ്ങളും വത്യസ്തമായിരുന്നില്ലെന്നും കേത്കര്‍ പറഞ്ഞു.
രാജ്യത്തെ മാധ്യമരംഗത്തുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കടന്നുകയറി നടത്തുന്ന ഇടപെടലുകള്‍ ദൂരദര്‍ശന്‍ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ കെജിസുരേഷ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ കടന്നുകയറി കമ്മ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്നതിനായാണ് അവരുടെ ശ്രമങ്ങളെന്നും കെ.ജി. സുരേഷ് ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ വേദിയായി ജെഎന്‍യു മാറിയ കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ ഇടപെടലുകള്‍ ജെഎന്‍യുവിലെ അധ്യാപകനായ അശ്വനി മഹാപാത്ര വിശദീകരിച്ചു. ഫോറം ഫോര്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് ജനറല്‍ സെക്രട്ടറി ദീപു നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.
















