മുംബൈ: ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയ്‌ക്കെതിരെ പണം തട്ടിപ്പു കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ലളിത് മോദി ലണ്ടനില്‍ താമസിക്കുന്നതിനാല്‍ അറസ്റ്റ് നടപ്പാക്കുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മുഖേന ഇത് യുകെ ഭരണകൂടത്തിനു കൈമാറും.
പണം തട്ടിപ്പ് നിയമം പ്രകാരമാണ് ലളിത് മോദിയ്‌ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്. ലളിത് മോദി ലണ്ടനിലായതിനാല്‍ ഐപിഎല്‍ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം സാധ്യമല്ല. 2009 മുതല്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും ഹാജരായിട്ടില്ലെന്നും ഇഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്.
അതേസമയം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണയ്‌ക്കു ഹാജരാകാന്‍ ലളിത് മോദി തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി തള്ളി. പ്രത്യേക കോടതി ജഡ്ജി പി. ആര്‍. ഭവാകെയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. അതേസമയം ഇതു സംബന്ധിച്ച് ലളിത് മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഐപിഎല്‍ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ലളിത് മോദിക്കെതിരെ 2010ല്‍ ബിസിസിഐ ചെന്നൈയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിഎലിന്റ സംപ്രേഷണാവകാശം സോണിഗ്രൂപ്പിന് പത്തുവര്‍ഷത്തേയ്‌ക്ക്് നല്‍കിയതു സംബന്ധിച്ചും ലളിത് മോദി അന്വേഷണം നേരിട്ടു വരികയാണ്. 918 ദശലക്ഷം യുഎസ് ഡോളറിനാണ് സോണി ഗ്രൂപ്പിന് സംപ്രേഷണാവകാശം നല്‍കിയത്. പിന്നീടത് ഒമ്പതു വര്‍ഷമാക്കി.
















