റിയൊ ഡി ജനെയ്‌റോ: 2016 ആഗസ്റ്റില്‍ ബ്രസീലിലെ റിയൊ ഡി ജനെയ്‌റോ വേദിയാകുന്ന ഒളിംപിക് ഗെയിംസിന്റെ ദീപശിഖാ പ്രയാണം അടുത്ത ഏപ്രില്‍ 21ന് തുടങ്ങും. ഒളിംപിക് പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രീസില്‍നിന്നാണ് ദീപശിഖ പുറപ്പെടുക.
പന്ത്രണ്ട് ദിവസം കൊണ്ട് ദീപശിഖ ബ്രസീലിലെത്തും. തുടര്‍ന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളിലൂടെ 100 ദിവസത്തെ പ്രയാണം. മുന്‍കാല കായികതാരങ്ങളടക്കം 12,000ത്തോളം പേര്‍ പങ്കെടുക്കും. ഒരു ലാറ്റിനമേരിക്കന്‍ നഗരം ആദ്യമായി വേദിയാകുന്ന കായിക മാമാങ്കം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ കഴിഞ്ഞ വര്‍ഷം ലോകകപ്പ് ഫുട്‌ബോള്‍ മികച്ച രീതിയില്‍ നടത്തിയത് ബ്രസീല്‍ സര്‍ക്കാരിന് ഏറെ ആത്മവിശ്വാസം നല്‍കുന്നു.
















