ഹാംബര്‍ഗ്: ടോപ് സീഡ് സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഹാംബര്‍ഗ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. സെമിയില്‍ ഇറ്റലിയുടെ ആന്ദ്രിയസ് സെപ്പിയെ അധികം വിയര്‍പ്പൊഴുക്കാതെ നദാല്‍ മറികടന്നു, സ്കോര്‍: 6-1, 6-2. കരിയറിലെ ഏറ്റവും മോശം ഫോമിലാണെങ്കിലും സെപ്പിയെ നദാല്‍ നിലത്തു നിര്‍ത്തിയില്ല.
ഇരു സെറ്റുകളിലുമായി ഏഴു തവണ ഇറ്റാലിയന്‍ പ്രതിയോഗിയുടെ സര്‍വ് നദാല്‍ ഭേദിച്ചു. ഒരു എയ്സ് തൊടുക്കാന്‍ പോലും സെപ്പിക്ക് സാധിച്ചില്ല. ഒരു മണിക്കൂര്‍ 18 മിനിറ്റില്‍ കളി നദാല്‍ പോക്കറ്റിലാക്കി. ഇടയ്ക്ക് പേശി വലിവ് അനുഭവപ്പെട്ടപ്പോള്‍ അല്‍പ്പം ചികിത്സ വേണ്ടിവന്നെങ്കിലും നദാല്‍ താളം കാത്തു.
മറ്റൊരു ഇറ്റാലിയന്‍ താരം ഫാബിയൊ ഫോഗിനിയാണ് കിരീടപ്പോരാട്ടത്തില്‍ നദാലിനെ കാത്തിരിക്കുന്നത്. ഫ്രഞ്ച് ക്വാളിഫയര്‍ ലൂക്കാസ് പൗലെയെ 6-2, 7-6 എന്ന സ്കോറിന് മടക്കി ഫോഗിനിയുടെ വരവ്. നദാലുമായി കളിച്ച ആദ്യ നാലു മത്സരങ്ങളിലും ഫോഗിനി തോറ്റിരുന്നു. എന്നാല്‍, ഈ വര്‍ഷം റിയോ, ബാഴ്സലോണ ഓപ്പണുകളില്‍ നദാലിനെ ഫോഗിനി മുട്ടുകുത്തിച്ചു. അതിനാല്‍ ഫൈനലിന് വീറുംവാശിയുമേറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
















