മെല്‍ബണ്‍: ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ വിക്‌റ്റോറിയന്‍ ഓപ്പണ്‍ സ്‌ക്വാഷ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ രണ്ടാം സീഡ് ലൈന്‍ ഹാന്‍സെനിനെ തുടര്‍ച്ചയായ ഗെയിമില്‍ കീടക്കിയാണ് ഇവിടെ മൂന്നാം സീഡായ ജോഷ്‌ന കരിയറിലെ പത്താം കിരീടം കൈക്കലാക്കിയത്, സ്‌കോര്‍: 11-5, 11-4, 11-9. കഴിഞ്ഞയാഴ്ച കൂയോങ്ങില്‍ ലൈനിനോട് തോറ്റ് കിരീടം നഷ്ടപ്പെടുത്തിയതിന് മധുര പ്രതികാരവുമായി ജയം.
ഏപ്രിലില്‍ റിച്ചമണ്ട് ചാംപ്യന്‍ഷിപ്പില്‍ ജയം നേടിയ ശേഷം ജോഷ്‌നയുടെ ആദ്യ കിരീട നേട്ടമാണിത്. മത്സരത്തിലുടനീളം ലൈനിനെ നിഷ്പ്രഭയാക്കി ജോഷ്‌ന. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിനു മുന്‍പുള്ള ജയം സന്തോഷം തരുന്നുവെന്ന് ജോഷ്‌ന പ്രതികരിച്ചു. അതേ വേദിയിലാണ് നേട്ടമെന്നത് പ്രചോദനമെന്നും അവര്‍.
















