ചെന്നൈ: ഇന്ത്യ എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഓസ്ട്രേലിയ എയ്ക്ക് പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ, രണ്ടു മത്സര പരമ്പരയും ഓസീസിന് (1-0). അവസാന ദിവസം പിടിച്ചുനിന്ന് സമനിലയെങ്കിലും നേടാമെന്ന ആതിഥേയരുടെ പ്രതീക്ഷ വലംകൈയന്‍ പേസര്‍ ഗുരീന്ദര്‍ സന്ധുവും, ഇടംകൈയന്‍ സ്പിന്നര്‍ സ്റ്റീവ് ഒകീഫിയും ചേര്‍ന്ന് നുള്ളിയപ്പോള്‍ ബാക്കിയെല്ലാം ചടങ്ങ്. രണ്ടാമിന്നിങ്സില്‍ ഇരുവരും നാലു വിക്കറ്റ് വീതമെടുത്തു. സ്കോര്‍: ഇന്ത്യ എ – 135, 274. ഓസ്ട്രേലിയ എ – 349, വിക്കറ്റ് നഷ്ടമില്ലാതെ 62.
ചോദിച്ചു വാങ്ങിയത് തിരിഞ്ഞു കൊത്തിയ സ്ഥിതിയിലായി മത്സരഫലം വിരാട് കോഹ്ലിക്ക്. ആദ്യ മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ യുവരാജാക്കന്മാര്ക്ക് രണ്ടാമത്തേതില്‍ വിരാടുണ്ടായിട്ടും പൊരുതാനായില്ല. ലങ്കന്‍ പര്യടനത്തിനു മുന്‍പ് ഫോം കണ്ടെത്തുകയെന്ന ലക്ഷ്യം പാളിയെന്നു മാത്രമല്ല, യുവതാരങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയെന്ന വിമര്‍ശനവും ഉയര്‍ന്നു. മറുവശത്ത് 150 റണ്‍സെടുത്ത ബാന്‍ക്രോഫ്റ്റിന്റെ പ്രകടനം ഫലത്തില്‍ നിര്‍ണായകമായി.
അവസാന ദിവസം ആറിന് 267 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 274ല്‍ കൂടാരം കയറി. ജയിക്കാന്‍ വേണ്ട 61 റണ്‍സ് 6.1 ഓവറില്‍ നേടി ഓസീസ് അനായാസം ജയത്തിലേക്കു കുതിച്ചു. ബാന്‍ക്രോഫ്റ്റ് (21), ഉസ്മാന് ഖവാജ (41) എന്നിവര്‍ കൂടുതല്‍ ബുദ്ധിമുട്ടാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.
















