ലാ പാസ് (ബൊളീവിയ): ചെ ഗുവേരയെയും ചതിച്ച കമ്മ്യൂണിസ്റ്റു രാജ്യക്കാരെ അങ്ങനെയങ്ങു വിശ്വസിക്കാന്‍ മാര്‍പ്പാപ്പയും തയ്യാറായില്ല. അരിവാള്‍ച്ചുറ്റിക ശില്‍പ്പത്തില്‍ ക്രൂശിതനായ ക്രിസ്തുവിനെ ചേര്‍ത്തുവെച്ച ആ ശില്‍പ്പം ഇരുകൈയും നീട്ടിവാങ്ങാന്‍ ആദ്യം പോപ് ഫ്രാന്‍സിസ് തയ്യാറായില്ല. ഒടുവില്‍ കത്തോലിക്കന്‍ പാതിരി, 1980-ല്‍ വെടിയേറ്റുകൊല്ലപ്പെട്ട റവ. ലൂയിസ് എസ്പിനാല്‍ നിര്‍മ്മിച്ച ശില്‍പ്പമാണെന്ന് വിശദീകരിച്ചപ്പോള്‍ മാര്‍പ്പാപ്പ പാതിമനസ്സോടെ വാങ്ങി.പക്ഷേ, അതു വത്തിക്കാനിലെ പള്ളിയില്‍ കയറ്റില്ലെന്നു തീരുമാനിച്ചു.
ദക്ഷിണ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മാര്‍പ്പാപ്പ ബൊളീവിയയിലെത്തിയത്. അവിടെ എസ്പിനാലിന്റെ സ്മാരകത്തില്‍ അദ്ദേഹം പ്രാര്‍ത്ഥനയും നടത്തി. രാജ്യത്തലവന്‍കൂടിയായ പോപ്പിന് ബൊളീവിയയിലെ പ്രസിഡന്റ് ഈവോ മൊറാലസ് സമര്‍പ്പിച്ച ഉപഹാരങ്ങള്‍ പലതും സന്തോഷത്തോടെ അദ്ദേഹം സ്വീകരിച്ചു. എന്നാല്‍ അരിവാള്‍ ചുറ്റികയില്‍ ചേര്‍ത്ത ക്രിസ്തുവിന്റെ രൂപം കണ്ടപ്പോള്‍ സ്വീകരിക്കാന്‍ പോപ്പിന്റെ കൈ ആദ്യം ഉയര്‍ന്നില്ല.
കണ്ണുകളില്‍ അമ്പരപ്പു വെളിപ്പെട്ടു. കൊല്ലാന്‍ പിടികൂടിക്കൊടുത്തതിന് ചെഗുവേര പോലും വഞ്ചകര്‍, കൂറില്ലാത്തവര്‍, വിഡ്ഢികള്‍ എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകളാണല്ലോ ബൊളീവിയക്കാര്‍.
സംശയത്തോടെ നിന്ന പോപ്പിനു മുന്നില്‍ മൊറലസ് വിശദീകരിച്ചു, റവ. ലൂയിസ് എസ്പിനാല്‍ നിര്‍മ്മിച്ചതാണ് ശില്‍പ്പമെന്ന്. മനസില്ലാ മനസ്സോടെ വാങ്ങി അപ്പോള്‍ത്തന്നെ പോപ്പ് കൈമാറുകയും ചെയ്തു.
മൊറാലസിന്റെ ലക്ഷ്യം തികച്ചും രാഷ്‌ട്രീയമായിരുന്നു; 2006-ല്‍ അധികാരമേറ്റ മൊറാലിസ് കത്തോലിക്ക വിഭാഗത്തില്‍നിന്ന് കനത്ത എതിര്‍പ്പു നേരിടുന്നുണ്ട്. എന്നാല്‍, സംഭവം രാഷ്‌ട്രീയമല്ലെന്നും അത് മാര്‍പ്പാപ്പയോടുള്ള ആദരത്തിന്റെ ഭാഗമാണെന്നും ബൊളീവിയന്‍ വാര്‍ത്ത വിനിമയ മന്ത്രി മറിയാനേലാ പാകോ പറഞ്ഞു.
അതേസമയം, പോപ്പിന് ഈ സമ്മാനം നല്‍കിയതില്‍ തെറ്റൊന്നുമില്ല, പക്ഷേ, ആ സമ്മാനം ഒരു കാരണവശാലും പള്ളിയില്‍ വെക്കില്ലെന്ന് വത്തിക്കാന്‍ വക്താവ് റവ. ഫെഡറികോ ലോംബാര്‍ഡി പറഞ്ഞു.
















