ഹരാരെ: ഇന്ത്യ- സിംബാബ്‌വെ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ജയിച്ചാല്‍ ടീം ഇന്ത്യയ്‌ക്ക് പരമ്പര ഉറപ്പിക്കാം. തിരിച്ചടിക്കുക തന്നെ ആതിഥേയരുടെ ഉന്നം. ഉച്ചയ്‌ക്ക് 12.30ന് മത്സരാരംഭം.
ആദ്യ കളിയില്‍ ജയിച്ചെങ്കിലും ഇന്ത്യയ്‌ക്ക് അഭിമാനിക്കാന്‍ വകയില്ല. നാലു റണ്‍സിന്റെ നേരിയ വിജയം ഇന്ത്യന്‍ യുവനിരയുടെ പെരുമയ്‌ക്ക് ചേര്‍ന്നതായിരുന്നില്ല. ഓപ്പണര്‍ മുരളി വിജയ് യുടെയും മധ്യനിരയുടെയും മോശം ഫോം ഇന്ത്യയെ വലയ്‌ക്കുന്നു. ക്യാപ്ടന്‍ അജിന്‍ക്യ രഹാനെയും നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. എങ്കിലും അമ്പാട്ടി റായിഡുവും സ്റ്റ്യുവര്‍ട്ട് ബിന്നിയും കാട്ടിയ പക്വത ഇന്ത്യയ്‌ക്ക് ആശ്വാസമേകുന്നു. ഭുവനേശ്വര്‍ കുമാര്‍ ഒഴികെയുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ ലൈനിലും ലെങ്തിലും സ്ഥിരത പുലര്‍ത്താത്തതാണ് കഴിഞ്ഞ കളിയില്‍ സിംബാബ്‌വെയ്‌ക്ക് പൊരുതാനുള്ള അവസരമൊരുക്കിക്കൊടുത്തത്. ഹര്‍ഭജന്‍ സിങ്ങും ബിന്നിയും അക്ഷര്‍ പട്ടേലുമെല്ലാം മെച്ചപ്പെടേണ്ടതുണ്ട്.
ക്യാപ്ടന്‍ എല്‍ട്ടന്‍ ചിങ്കുംബുരയുടെ ബാറ്റിലാണ് സിംബാബ്‌വെയുടെ പ്രധാന പ്രതീക്ഷ. ഹാമില്‍ട്ടണ്‍ മസകാഡ്‌സയും വുസി സിബാന്‍ഡയും ഷോണ്‍ വില്യംസും താളംകണ്ടെത്തിയാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടിപ്പതുപണിയാകും.
















