ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണിലെ പ്രമുഖ ഡബിള്‍സ് ജോടികളായ ജ്വാല ഗുട്ടയെയും അശ്വിനി പൊന്നപ്പയെയും ‘ടാര്‍ജെറ്റ് ഒളിംപിക് പോഡിയം’ (ടോപ്പ്, ഒളിംപിക്‌സില്‍ ഒരു മെഡല്‍) പദ്ധതിയില്‍ കേന്ദ്ര കായിക മന്ത്രാലയം ഉള്‍പ്പെടുത്തും.
ജ്വാലയെയും അശ്വിനിയെയും അവഗണിക്കുന്നെന്ന പരാതിയുടെ പശ്ചാത്തലത്തിലാണിത്. ദേശീയ കോച്ച് പുല്ലേല ഗോപീചന്ദ് പക്ഷപാതപരമായി പെരുമാറുന്നെന്നും അവര്‍ ആരോപിച്ചിരുന്നു.
ബാഡ്മിന്റണ്‍ ഡബിള്‍സ് ടീമുകള്‍ക്ക് പരിശീലകനെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. അതുകൂടാതെ പ്രമുഖ ബാഡ്മിന്റണ്‍ കളിക്കാരെ ടോപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജ്വാലയോടും അശ്വിനിയോടും കിടപിടിക്കുന്ന ഡബിള്‍ താരങ്ങള്‍ രാജ്യത്ത് വേറെയില്ല. അവരെ ഉടന്‍ തന്നെ പദ്ധതിയുടെ ഭാഗമാക്കും, കായിക മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കോച്ച് ഗോപീചന്ദിനെതിരെ ജ്വാലയും അശ്വിനിയും ഒന്നും പറയരുതായിരുന്നു.
ടോപ് പദ്ധതി സംബന്ധിച്ച യോഗങ്ങള്‍ക്കിടെ ഒരിക്കല്‍പ്പോലും ഗോപീചന്ദ് അവരെ എതിര്‍ത്തിട്ടില്ല. ഒരുപാട് ഇന്ത്യക്കാര്‍ക്ക് മാതൃകയും പ്രചോദനവുമാണ് ഗോപീചന്ദ്. അദ്ദേഹം പറഞ്ഞിട്ടാണ് ഡബിള്‍സിന് പ്രത്യേകം കോച്ചിനെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
















