ലുസേന്‍: ഒരു കാലത്ത് ട്രാക്കിനെ തീപിടിപ്പിച്ച മൂന്ന് സ്പ്രിന്റര്‍മാര്‍ പൊട്ടിത്തെറിക്കാന്‍ പോകുന്ന കതിനകള്‍ പോലെ ജ്വലിച്ചു നിന്നു. വെടിയൊച്ച മുഴങ്ങിയപ്പോള്‍ ചാട്ടുളി പോലെ പാഞ്ഞു. മിന്നലങ്കത്തിനൊടുവില്‍ ജയം ജസ്റ്റിന്‍ ഗാറ്റ്‌ലിനെന്ന അമേരിക്കക്കാരനൊപ്പം. സ്വിറ്റ്‌സര്‍ലന്റിലെ ലുസേനില്‍ കഴിഞ്ഞദിവസം അരങ്ങേറിയ അത്‌ലറ്റിസിമ ഡയമണ്ട് ലീഗിന്റെ 100 മീറ്ററില്‍ ചില്ലറക്കാരല്ല മല്ലിട്ടത്. ഒരു ലൈനില്‍ ഗാറ്റ്‌ലിന്‍. മറ്റു രണ്ടെണ്ണത്തില്‍ ജമൈക്കയുടെ അസഫാ പവലും അമേരിക്കയില്‍ നിന്നു തന്നെയുള്ള ടൈസന്‍ ഗേയും. ഗാറ്റ്‌ലിന്‍ മുന്‍ ഒളിംപിക്, ലോക ചാമ്പ്യനെങ്കില്‍ ഒരിക്കല്‍ ലോക റെക്കോര്‍ഡ് കൈവശംവച്ചിരുന്നയാളാണ് പവല്‍. ഗേയ്‌ക്കും മുന്‍ ലോക ചാമ്പ്യന്റെ പകിട്ടുണ്ട്. ഉത്തേജക മരുന്നടിക്ക് പിടിക്കപ്പെട്ടവരെന്ന പ്രത്യേകതയുമുണ്ടായിരുന്നു മൂന്നു മത്സരാര്‍ത്ഥികള്‍ക്കും.
റേസിന്റെ തുടക്കത്തില്‍ ത്രിമൂര്‍ത്തികള്‍ക്ക് തുല്യസാധ്യതയുണ്ടായിരുന്നു. എന്നാല്‍ അവസാന 30 മീറ്ററില്‍ വ്യക്തമായ ആധിപത്യം നേടിയെടുത്ത ഗാറ്റ്‌ലിന്‍ 9.75 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം കൈക്കലാക്കി. പവല്‍ (9.92 സെക്കന്റ്) രണ്ടാംസ്ഥാനത്തേക്കും ഗേ മൂന്നാമതേക്കും പിന്തള്ളപ്പെട്ടു. ബീജിങ് ലോക ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനും ജയത്തിലൂടെ ഗാറ്റ്‌ലിന് സാധിച്ചു. ഉസൈന്‍ ബോള്‍ട്ടിനുള്ള സന്ദേശമാണോ പ്രകടനമെന്ന ചോദ്യത്തിന് ഗാറ്റ്‌ലിന്റെ ഉത്തരം ഇതായിരുന്നു: ആര്‍ക്കുമുള്ള സന്ദേശമല്ല. ഉസൈന്‍ മഹാനായ എതിരാളിയാണ്. എന്നെ സംബന്ധിച്ചടത്തോളം ബീജിങ്ങില്‍ അദ്ദേഹത്തിന് ശക്തമായ വെല്ലുവിളി തീര്‍ക്കുകയെന്നതാണ് പ്രധാനം.
















