ഹരാരെ: സിംബാബ്‌വെയോട് ഉശിരുകാട്ടാന്‍ ചെന്ന ഇന്ത്യന്‍ യുവനിര ആദ്യ ഏകദിനത്തില്‍ കഷ്ടിച്ചു രക്ഷപെട്ടു. അവസാന പന്തുവരെ നീണ്ട ആവേശകരമായ കളിയില്‍ ഇന്ത്യയുടെ ജയം നാല് റണ്‍സിന്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പാട്ടി റായിഡു (124 നോട്ടൗട്ട്, 12 ഫോര്‍, ഒരു സിക്‌സ്), സ്റ്റിയുവര്‍ട്ട് ബിന്നി (77) എന്നിവരുടെ ബലത്തില്‍ ആറ് വിക്കറ്റ് കളഞ്ഞ് 255 റണ്‍സെടുത്തു. ചേസ് ചെയ്ത സിംബാബ്‌വെ ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 101 പന്തില്‍ 104 റണ്‍സ് വാരിയ ക്യാപ്ടന്‍ എല്‍ട്ടന്‍ ചിങ്കുംബുര ഇന്ത്യന്‍ പാളയത്തിലേക്ക് പടനയിച്ചു. സിക്കന്ദര്‍ റാസയും (37) ക്യാപ്ടന് പിന്തുണ നല്‍കി.
എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ 10 റണ്‍സ് എന്ന ലക്ഷ്യം ചിങ്കുംബുരയ്‌ക്കും കൂട്ടര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിച്ചില്ല. ഭുവനേശ്വര്‍ അഞ്ചു റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ ആതിഥേയര്‍ 7ന് 251ല്‍ ഒതുങ്ങിനിന്നു. ഇന്ത്യയ്‌ക്കുവേണ്ടി ബിന്നിയും അക്ഷര്‍ പട്ടേലും രണ്ടു ഇരകളെ വീതം കണ്ടെത്തി.
















