ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച് വിംബിള്‍ഡണ്‍ ടെന്നീസിന്റെ ഫൈനലില്‍.
സെമിയില്‍ ഡോക്കോവിച്ച് ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്‌കറ്റിന് 7-6, 6-4, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. അഞ്ചുവര്‍ഷത്തിനിടെ ഇതു നാലാം തവണയാണ് ഡോക്കോവിച്ച് വിംബിള്‍ഡണിന്റെ കലാശക്കളത്തില്‍ എത്തുന്നത്. ്‌സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡററും ബ്രിട്ടന്റെ ആന്‍ഡി മുറെയും തമ്മിലെ മത്സരത്തിലെ വിജയിയോട് കിരീടത്തിനായി ഡോക്കോ അങ്കംവെട്ടും.
തികച്ചും ആധികാരികമായിരുന്നു ഡോക്കോയുടെ ജയം. ചാമ്പ്യന്‍ഷിപ്പിലെ തന്നെ ഏറ്റവും മികച്ച സര്‍വിങ് പ്രകടനം ഗാസ്‌കറ്റിനെതിരെ ഡോക്കോ പുറത്തെടുത്തു. ആദ്യ സെറ്റില്‍ ഗാസ്‌കറ്റിന് ചില സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ സര്‍വിനൊപ്പം റിട്ടേണിലും കത്തിക്കയറി സെര്‍ബ് സ്റ്റാര്‍ തനി സ്വരൂപം കാട്ടിയതോടെ ഗാസ്‌കറ്റ് നിഷ്പ്രഭനായി.
വനിത ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ജ്വലിപ്പിച്ച് സ്വിറ്റ്‌സര്‍ലന്റിന്റെ മാര്‍ട്ടിനി ഹിംഗിസുമൊത്ത് സാനിയ മിര്‍സ ഫൈനലിലേക്കു കുതിച്ചു. ഒന്നാം സീഡുകളായ സാനിയയും ഹിംഗിസും അമേരിക്കയുടെ റാക്വേല്‍ കോപ്‌സ് ജോണ്‍സ് – അബിഗെയ്ല്‍ സ്പിയേഴ്‌സ് ജോടിയെ സെമിയില്‍ തുരത്തി (6-1, 6-2).
















