മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റ (ഐഎസ്എല്‍) ആദ്യ താരലേലച്ചന്തയില്‍ പൊന്നുംവില നേടി ഇന്ത്യന്‍ ക്യാപ്ടന്‍ സുനില്‍ ഛേത്രിയും സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ യൂഗെന്‍സന്‍ ലിങ്‌ദോയും. ഇരുവരും ഐഎസ്എല്ലിലെ ആദ്യ ലേലത്തിലെ കോടി പതികളായി. ഐ ലീഗ് ടീം ബെംഗളൂരു എഫ്‌സിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഛേത്രിയെ ഒരു കോടി 20 ലക്ഷം ചെലവിട്ട് മുംബൈ എഫ്‌സി സിറ്റി പാളയത്തിലെത്തിച്ചു.1.5 കോടി രൂപയ്‌ക്ക് ലിങ്‌ദോയെ പൂനെ എഫ്‌സി റാഞ്ചി. മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോയും കോടിപതിയെന്ന പെരുമയുടെ അരുകിലെത്തി. 90 ലക്ഷം രൂപയ്‌ക്ക്, നിലവിലെ ചാമ്പ്യന്‍ അത്‌ലിറ്റിക്കോ ഡി കൊല്‍ക്കത്ത റിനോയെ സ്വന്തമാക്കി. ആകെ 7.22 കോടി രൂപ വിവിധ ടീമുകള്‍ ചെലവിട്ടു. കേരളാ ബ്ലാസ്റ്റേഴ്‌സിനും എഫ്‌സി ഗോവയ്‌ക്കും ലേലത്തില്‍ ഒരു താരത്തെപ്പോലും ലഭിച്ചില്ല.
ഏവരെയും അത്ഭുതപ്പെടുത്തുക്കൊണ്ട്, ഛേത്രിക്കുവേണ്ടി അത്ര വാശിയേറിയ ലേലം വിളിയൊന്നുമുണ്ടായില്ല. 80 ലക്ഷം അടിസ്ഥാന വിലയിടപ്പെട്ട ഛേത്രിയെ അല്‍പ്പം കുറഞ്ഞുപോയെന്നു കരുതപ്പെടുന്ന തുകയ്‌ക്ക് മുംബൈ എഫ്‌സി തങ്ങളുടേതാക്കി. 27 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ലിങ്‌ദോയില്‍ കണ്ണുവച്ച് അത്‌ലറ്റിക്കോ കൊല്‍ക്കത്ത മത്സരിച്ചെങ്കിലും അവസാന ചിരി പൂനയുടേതായി.
മലയാളി താരം റിനോയുടെ മൂല്യത്തിലെ കയറ്റം ലേലം വീക്ഷിച്ചവരെ അത്ഭുതപ്പെടുത്തി. 17.5 ലക്ഷം രൂപയായിരുന്നു റിനോയുടെ അടിസ്ഥാന വില. ബെംഗളൂരു എഫ്‌സിയുടെ മറ്റൊരു പ്രതിനിധിയായ റിനോയെ പാളയത്തിലെത്തിക്കാന്‍ കൊല്‍ക്കത്ത ടീം അതിന്റെ അഞ്ചിരട്ടി മുടക്കി. എന്നാല്‍ മലയാളി പ്രതിരോധഭടന്‍ അനസ് എടത്തൊടികയ്‌ക്ക് വലിയ മൂല്യം ലഭിച്ചില്ല. 40 ലക്ഷത്തില്‍ തുടങ്ങിയ വിളി 41ല്‍ എത്തിയപ്പോള്‍ ദല്‍ഹി ഡൈനാമോസ് അനസിനെ സ്വന്തമാക്കി. ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിനൊപ്പം കളിക്കാമെന്നത് അനസിന് ലഭിച്ച ബോണസ്.
ജാക്കിചന്ദ് സിങ്ങിനുവേണ്ടി (അടിസ്ഥാന വില 20 ലക്ഷം) പൂനെ എഫ്‌സി 45 ലക്ഷം ചെലവിട്ടു. മുംബൈ സിറ്റിയും പൂനെയും ജാക്കിചന്ദിനെ ഒപ്പംകൂട്ടാന്‍ വാശിയോടെ മത്സരിച്ചു. മിഡ്ഫീല്‍ഡര്‍ തോയ് സിങ് (അടിസ്ഥാനവില 39 ലക്ഷം) 86 ലക്ഷം രൂപയ്‌ക്ക് ചെന്നൈയിന്‍ എഫ്‌സിയുടെ കുപ്പായക്കാരനായി. ജപ്പാന്‍ വംശജനായ മിഡ്ഫീല്‍ഡര്‍ അരാത്ത ഇസുമിയെ (ബേസ് പ്രൈസ് 40 ലക്ഷം)കൈക്കലാക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് കൊല്‍ക്കത്തയ്‌ക്ക് അല്‍പ്പം പോരടിക്കേണ്ടിവന്നു. ഒടുവില്‍ 68 ലക്ഷത്തിന് അരാത്തയും കൊല്‍ക്കത്തയുടെ പടയാളിയായിമാറി.
സ്‌ട്രൈക്കര്‍ റോബിന്‍ സിങ്ങിനെ അടിസ്ഥാന വിലയുടെ 11 ലക്ഷം അധികമായ 51 ലക്ഷം നല്‍കി ഡല്‍ഹി ഡൈനാമോസ് ഉറപ്പിച്ചു. ഡൈനാമോസിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമേ റോബിനില്‍ താത്പര്യം പ്രകടിപ്പിച്ചുള്ളു. ഗോളി കരണ്‍ജീത് സിങ്ങിനെ അടിസ്ഥാന വിലയായ 60 ലക്ഷത്തിന് ചെന്നൈയിന്‍ എഫ്‌സിയും വിങ്ങര്‍ സൈത്യസെന്‍ സിങ്ങിനെ (ബേസ് പ്രൈസ് 20 ലക്ഷം) 56 ലക്ഷത്തിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും അവരവരുടെ കൂടാരത്തിലേക്കു വിളിച്ചു. താരങ്ങളുമായി ഡ്രാഫ്റ്റിലെത്താനും ടീമുകള്‍ക്ക് അവസരം നല്‍കി. 112 കളിക്കാരുടെ പട്ടികയാണ് ഒരുക്കിയിരുന്നത്. കാവിന്‍ ലോബോ (മിഡ്ഫീല്‍ഡര്‍), ശങ്കര്‍ സാംപിന്‍ഗിരാജ് (മിഡ്ഫീല്‍ഡര്‍), സി.കെ. വിനീത് (സ്‌ട്രൈക്കര്‍), പീറ്റര്‍ കര്‍വാലോ (മിഡ്ഫീല്‍ഡര്‍) തുടങ്ങിയവരെ കേരള ബ്ലാസ്റ്റേഴ്‌സ് തെരഞ്ഞെടുത്തു.
















