ചെന്നൈ: 55-ാമത് ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ മീറ്റിന്റെ ആദ്യദിനത്തില്‍ കേരളത്തിന് ഒന്നുവീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും. വനിതകളുടെ ലോങ്ജമ്പില്‍ വി. നീനയാണ് കേരളത്തിന്റെ സ്വര്‍ണ്ണ ജേത്രി. ഈയിനത്തില്‍ എം.എ. പ്രജുഷക്കാണ് വെങ്കലം. പുരുഷന്മാരുടെ 5000 മീറ്ററില്‍ ടി. ഗോപിയാണ് വെള്ളി മെഡല്‍ നേടിയത്.
ആറ് ഫൈനലുകളില്‍ രണ്ട് സ്വര്‍ണ്ണം നേടിയ തമിഴ്‌നാടാണ് മുന്നിട്ടുനില്‍ക്കുന്നത്. 26 പോയിന്റ്. 20 പോയിന്റുമായി മഹാരാഷ്‌ട്ര രണ്ടാമതും 19 പോയിന്റുള്ള കേരളം മൂന്നാം സ്ഥാനത്തുമാണ്. മീറ്റിന്റെ ആദ്യദിനത്തില്‍ ഒരു റെക്കോര്‍ഡുപോലും പിറന്നില്ല.
കനത്ത മഴയത്ത് നടന്ന മത്സരത്തിന്റെ തന്റെ അവസാന ശ്രമത്തില്‍ 6.33 മീറ്റര്‍ ചാടിയാണ് നീന കേരളത്തിനായി സ്വര്‍ണ്ണം നേടിയത്. അതേസമയം കേരളത്തിന്റെ തന്നെ എം.എ. പ്രജുഷയെ വെങ്കലത്തിലേക്ക് പിന്തള്ളി മഹാരാഷ്‌ട്രയുടെ ശ്രദ്ധ ഭാസ്‌ക്കര്‍ ഖുലെ (6.27 മീറ്റര്‍) വെള്ളി സ്വന്തമാക്കി. 6.08 മീറ്ററാണ് പ്രജുഷ താണ്ടിയത്. കേരളത്തിന്റെ ഉറച്ച പ്രതീക്ഷയായിരുന്ന മയൂഖ ജോണി അവസാന നിമിഷം മീറ്റില്‍ പിന്മാറിയതിനാല്‍ ഒരു മെഡല്‍ നഷ്ടമാവുകയും ചെയ്തു.
പുരുഷന്മാരുടെ 5000 മീറ്ററില്‍ കേരളത്തിനായി ഇറങ്ങിയ ടി. ഗോപി 14 മിനിറ്റ് 15.30 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെള്ളിയണിഞ്ഞത്.
ആതിഥേയതാരമായ ലക്ഷ്മണന്‍ 14 മിനിറ്റ് 12.38 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണ്ണം നേടിയപ്പോള്‍ ഉത്തരാഖണ്ഡിന്റെ മന്‍സിങ് 14മിനിറ്റ് 15.63 സെക്കന്റില്‍ വെങ്കലം കരസ്ഥമാക്കി. വനിതകളുടെ വിഭാഗത്തില്‍ ആതിഥേയതാരം എല്‍. സൂര്യ 16 മിനിറ്റ് 01.28 സെക്കന്റില്‍ സ്വര്‍ണ്ണവും മഹാരാഷ്‌ട്രയുടെ സ്വാതി ഘട്ടെ 16 മിനിറ്റ് 32.98 സെക്കന്റില്‍ വെള്ളിയും മോണിക്ക എം. ആത്രെ 16 മിനിറ്റ് 48.03 സെക്കന്റില്‍ വെങ്കലവും നേടി. കേരളത്തിനായി ഇറങ്ങിയ പി.യു. ചിത്ര 18 മിനിറ്റ് 50.20 സെക്കന്റില്‍ ആറാമതായാണ് ഫിനിഷ് ചെയ്തത്.
വനിതകളുടെ ഹാമര്‍ത്രോയില്‍ കേരള പ്രതിനിധി ആതിര മുരളീധരന്‍ 44.57 മീറ്റര്‍ എറിഞ്ഞ് അഞ്ചാമതായപ്പോള്‍ 57.65 മീറ്റര്‍ എറിഞ്ഞ ഉത്തര്‍പ്രദേശിന്റെ റിതു ധിമാന്‍ സ്വര്‍ണ്ണവും ഒറീസയുടെ സരിത സിങ് (56.57 മീ) വെള്ളിയും ഉത്തര്‍പ്രദേശിന്റെ ഗുഞ്ജന്‍ സിങ് 56.12 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി. ഷോട്ട്പുട്ടിലും കേരളം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. നീന എലിസബത്ത് ബേബി 11.83 മീറ്റര്‍ എറിഞ്ഞ് പത്താം സ്ഥാനത്താണ് നീന ഫിനിഷ് ചെയ്തത്. 14.09 മീറ്റര്‍ എറിഞ്ഞ പഞ്ചാബിന്റെ നവജീത് കൗര്‍ സ്വര്‍ണ്ണവും 13.67 മീറ്റര്‍ എറിഞ്ഞ പഞ്ചാബിന്റെ തന്നെ ഹര്‍കിരത് സിങ് വെള്ളിയും നേടിയപ്പോള്‍ ഒഡീഷയുടെ പിങ്കി ഡേ 13.17 മീറ്റര്‍ എറിഞ്ഞ് വെങ്കലം സ്വന്തമാക്കി.
മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് 11 ഫൈനലുകള്‍ നടക്കും. രാവിലെ 6ന് വനിതകളുടെ 20 കി. മീറ്റര്‍ നടത്തത്തോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. പുരുഷ-വനിതാ 200 മീറ്റര്‍, പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പ്, വനിതകളുടെ ഹൈജമ്പ്, 400 മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷ-വനിതാ 800 മീറ്റര്‍ എന്നീ ഫൈനലുകളാണ് ഇന്ന് നടക്കുക. പുരുഷ ഡക്കാത്ത്‌ലണ്‍ വിജയിയെയും ഇന്ന് തീരുമാനിക്കും.
















