മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ കന്നി താരലേലം ഇന്ന്. ദേശീയ ടീം ക്യാപ്ടന്‍ സുനില്‍ ഛേത്രിയെ ഏതു ഫ്രാഞ്ചൈസി സ്വന്തമാക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഛേത്രിക്കു പുറമെ ഒമ്പതുപേര്‍കൂടി ലേലപ്പട്ടികയിലുണ്ട്. റിനോ ആന്റോ, അനസ് (ഇരുവരും മലയാളികള്‍), കരണ്‍ജീത് സിങ്, അരാത്ത ഇസുമി, റോബിന്‍ സിങ്, തോയ് സിങ്, യൂജെന്‍സന്‍ ലിങ്‌ദോ, ജാക്കിചന്ദ് സിങ്, സൈത്യാസെന്‍ സിങ് എന്നിവരാണവര്‍.
80 ലക്ഷംരൂപ അടിസ്ഥാന വിലയുള്ള സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയാണ് ലേലച്ചന്തയില്‍ ഏറ്റവും ഡിമാന്റുള്ള കളിക്കാരന്‍. കരണ്‍ജീത് സിങ് (60 ലക്ഷം) ഛേത്രിക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്നു. അനസിനും അരാത്തയ്‌ക്കും റോബിന്‍ സിങ്ങിനും 40 ലക്ഷമാണ് അടിസ്ഥാന വില. തോയ് സിങ്ങിന് 39 ലക്ഷവും യൂജെന്‍സന് 27.50 ലക്ഷവും വിലയുണ്ട്.
ജാക്കിചന്ദ്, സൈത്യാസെന്‍ല (20 ലക്ഷംവീതം), റിനോ ആന്റോ (17.50) എന്നിവരുടെ അടിസ്ഥാന വിലകളും മോശമല്ല. ഛേത്രിയും റോബിനും തോയ് സിങ്ങും അരാത്തയും അനസും കരണ്‍ജീതും ഐഎസ്എല്‍ പ്രൊമോട്ടര്‍മാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. മറ്റുള്ളവരെ ഐ ലീഗ് ക്ലബ്ബുകളില്‍ നിന്ന് ലോണിനെടുത്തതാണ്. ഇതുകൂടാതെ 113 കളിക്കാരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുമായി എട്ടു ഫ്രാഞ്ചൈസികള്‍ക്കും കരാറിലെത്താം.
















