ന്യൂദല്‍ഹി/മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്പ്രധാനമന്ത്രി നവാസ് ഷെരീഫും ബ്രിക്‌സ്- ഷാങ്ഘായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയ്‌ക്കിടെ റഷ്യയിലെ ഉഫയില്‍ കൂടിക്കണ്ടേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പില്ലെങ്കിലും സാധ്യത ഒരു രാജ്യവും പാടേ തള്ളിക്കളയുന്നില്ല.
ജൂലൈ 10-നായിരിക്കും ഇതെന്ന് സൂചനയുണ്ട്. കഴിഞ്ഞ നവംബറില്‍ സാര്‍ക്ക് സമ്മേളനത്തിനിടെ ഇരുവരും കാഠ്മണ്ഡുവില്‍ കൂടിക്കണ്ടിരുന്നു. അന്നും ഉഭയകക്ഷി ചര്‍ച്ചകളൊന്നും നടത്തിയില്ല. റംസാന്‍ വ്രതാരംഭത്തിനു മുമ്പ് മോദി ഫോണില്‍ ഷെരീഫുമായി സംസാരിക്കുകയും ആശംസ കൈമാറുകയും ചെയ്തിരുന്നു.
ബ്രിക്‌സ്-എസ്‌സിഒ ഉച്ചകോടിക്കായി എത്തുന്ന ലോകനേതാക്കളില്‍ ഇതര രാജ്യങ്ങള്‍ ഉറ്റു നോക്കുന്നത് ഭാരത പ്രധാനമന്ത്രി മോദിയെത്തന്നെയാണ്. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനുമായി കൂടിക്കണ്ടു.
ഇന്നലെ ഉഫയിലെത്തിയ മോദിക്ക് വിമാനത്താവളത്തില്‍ വമ്പിച്ച സ്വാഗതം ലഭിച്ചു. ആതിഥ്യ മര്യാദ പ്രകാരമുള്ള സ്വീകരണം ഹൃദ്യമായെന്ന് മോദി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പുടിന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. എസ്‌സിഒയില്‍ ഭാരതത്തിന് അംഗത്വം ലഭിക്കാന്‍ റഷ്യയുടെ സഹകരണങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു. യോഗ ദിനത്തിന്റെ വിജയത്തിന് റഷ്യ നല്‍കിയ സഹകരണത്തെ മോദി പ്രശംസിച്ചു. എന്നാല്‍, കരാട്ടെ അഭ്യാസിയായ പുടിന്‍ തനിക്ക് യോഗ ചെയ്യാനറിയില്ലെന്നും ചെയ്യുന്നതു കാണുമ്പോള്‍ അതു വിഷമകരമാണെന്നു തോന്നുന്നു, അതിനാല്‍ പരീക്ഷിച്ചിട്ടില്ലെന്നും പറഞ്ഞു.
നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്ങും തമ്മില്‍ ഇന്നലെ കൂടിക്കണ്ട്. ഉഭയകക്ഷി സന്ദര്‍ശനവും പ്രതിനിധിതല ചര്‍ച്ചയും നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ മുന്‍കൂടിക്കാഴ്ചയില്‍ നടത്തിയ ധാരണകളുടെ അവലോകനം നടത്തി.
ഇരുവരും കൂടിക്കാണുന്നത് ഇരു രാജ്യങ്ങളും തമ്മില്‍ തുടങ്ങിവെച്ച സഹകരണ സംരംഭങ്ങള്‍ക്ക് കുടുതല്‍ കരുത്തുപകരുമെന്ന് നേരത്തേ ചൈന അഭിപ്രായപ്പെട്ടിരുന്നു. വികസനത്തിനുള്ള ചൈന-ഭാരത കൂട്ടുകെട്ട് കൂടുതല്‍ ഉറപ്പിക്കും കൂടിക്കാഴ്‌ചെയന്ന് ചൈനാ വിദേശകാര്യ വക്താവ് ഹുവാ ചുന്‍ യിങ് അഭിപ്രായപ്പെട്ടു.
















