ബ്യൂണസ് അയേഴ്‌സ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ചിലിയോട് തോറ്റതിന്റെ ഹാങ് ഓവറിലാണ് അര്‍ജന്റീന. ആരാധകരും മാധ്യമങ്ങളും പ്രിയടീമിന്റെ പതനത്തെപ്പറ്റി ചര്‍ച്ചകള്‍ തുടരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയെ കേന്ദ്രീകരിച്ചാണ് വാക് പോരുകളിലേറെയും. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കുവേണ്ടി തിളങ്ങുന്ന മെസിക്ക് ദേശീയ കുപ്പായത്തില്‍ എന്തു സംഭവിക്കുന്നെന്ന് പലരും ചോദിക്കുന്നു.
2007ലായിരുന്നു മെസി ഫൈനല്‍ പരാജയത്തിന്റെ കയ്‌പ്പ് ആദ്യമായി അനുഭവിച്ചറിഞ്ഞത്. അന്ന് കോപ്പയുടെ കലാശക്കളിയില്‍ പരമ്പരാഗത വൈരികളായ ബ്രസീലിനോട് അര്‍ജന്റിന എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റു. ഇപ്പോഴിതാ ലോകകപ്പിലും കോപ്പയിലും ഫൈനലില്‍ മുട്ടുകുത്തിയിരിക്കുന്നു. ടൂര്‍ണമെന്റില്‍ മെസിക്ക് മറ്റു ചില ദുരനുഭവങ്ങളുമുണ്ടായി. മെസിയുടെ കുടുംബത്തെ ചിലിയിലെ കാണികള്‍ അധിക്ഷേപിച്ചത് അതിലൊന്ന്. മികച്ച കളിക്കാരനുള്ള പുരസ്‌കാരം മെസി നിരസിച്ചെന്നും വാര്‍ത്തകള്‍ വന്നു. സമ്മാനദാന ചടങ്ങിന് മുന്‍പ് ആ പുരസ്‌കാരം പിന്‍വലിച്ചിരുന്നു.
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുമായി താരതമ്യം ചെയ്യുന്നതും മെസിയെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മറഡോണയുമായി തട്ടിച്ച് ആരാധകരില്‍ ഒരുവിഭാഗം മെസിയെ കളിയാക്കുന്നു.
കോപ്പയ്‌ക്കുശേഷം കളിപ്രേമികള്‍ മെസിയെപ്പോലൊരു പ്രതിഭയോടു കാട്ടിയതൊന്നും ശരിയല്ലെന്നാണ് മുന്‍ താരങ്ങളില്‍ ചിലരുടെ വിലയിരുത്തല്‍. അവര്‍ ലിയോക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. പക്ഷെ, അതൊന്നും മെസിയുടെ സമ്മര്‍ദ്ദമകറ്റുന്നില്ല. ഈ സാഹചര്യത്തില്‍ അര്‍ജന്റീനയ്‌ക്കുവേണ്ടി പന്തു തട്ടുന്നത് മെസി കുറച്ചുകാലത്തേക്ക് ഒഴിവാക്കിയാലും അത്ഭുതമില്ലെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
















