ന്യൂദല്‍ഹി: 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്നത് തന്റെ കരിയറിലെ അവസാന ഒളിംപിക്‌സാകുമെന്ന് ഇന്ത്യന്‍ ഗുസ്തി ഇതിഹാസം സുശീല്‍ കുമാര്‍. എന്നാല്‍ ഗോദയില്‍ നിന്ന് വിരമിക്കുന്ന തീരുമാനം റിയോയിലുണ്ടാവില്ലെന്ന് താരം വ്യക്തമാക്കി.
66 കിലോഗ്രാം വിഭാഗത്തില്‍ ബീജിങ് ഒളിംപിക്‌സില്‍ (2008) വെങ്കലവും ലണ്ടനില്‍ (2012) വെള്ളിയും കൊയ്ത സുശീല്‍ റിയോയില്‍ സ്വര്‍ണം ലക്ഷ്യമിടുന്നു. രാജ്യ ചരിത്രത്തിലെ ഏറ്റവും മഹാനായ ഒളിംപ്യന്മാരിലൊരാളും അദ്ദേഹം തന്നെ.
ഒളിംപിക്‌സിനെക്കുറിച്ചു പറയുമ്പോള്‍ റിയോയിലേത് എന്റെ അവസാനത്തേതാകും. എന്നാലും വിരമിക്കല്‍ ചിന്തയില്ല. റിയോക്കുശേഷം അതേക്കുറിച്ച് ആലോചിക്കും. ഒളിംപിക്‌സിലാണ് എന്റെ ശ്രദ്ധ. അതിലേക്കായി കഠിനമായി തയ്യാറെടുക്കുന്നു, സുശീല്‍ പറഞ്ഞു.
ഗുരുനാഥന്‍ സത്പാലാണ് റിയോക്കുശേഷം വിരമിക്കല്‍ തീരുമാനമെടുത്താല്‍ മതിയെന്നു പറഞ്ഞത്. അദ്ദേഹം എന്തു പറഞ്ഞാലും ഞാന്‍ അനുസരിച്ചിരുന്നു. ഇത്തവണയും അങ്ങനെ തന്നെ. കളമൊഴിയുന്നതിന് മുന്‍പ് ഗുരുവുമായി കൂടിയാലോചിക്കും, സുശീല്‍ കൂട്ടിച്ചേര്‍ത്തു.
















