സിനുകിട്ടിയാല് ആസിഡും കുടിക്കുമെന്ന മനസ്ഥിതിക്കാര് സൂക്ഷിക്കുക. വെറുതേ കിട്ടിയാല്‍ വിറകും വീട്ടില്‍ കൊണ്ടുപോകുന്ന നയക്കാര്‍ക്ക് ന്യൂജനറേഷന് ഭാഷയില്‍ പറഞ്ഞാല്‍ ‘പച്ചവെള്ളത്തില്‍ പണി’കിട്ടും. വ്യാജസീഡികള്‍ വലിയൊരു പ്രശ്നമായിരുന്നകാലത്തെ പ്രതിവിധി ചികിത്സ വീണ്ടും വരുന്നു. ഇടയ്ക്ക് ഇല്ലാതായെന്നു കരുതിയിരുന്നെങ്കിലും വ്യാജവിലാസം കുറഞ്ഞതേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ‘പ്രേമ’ത്തില്‍ വഞ്ചനകാണിച്ചവര്‍ പഴയ കുറ്റവാളികളെയും പുതിയ കുറ്റക്കാരെയും വലയിലാക്കാനുള്ള അവസരം ഒരിക്കല്‍ക്കൂടി തുറന്നിരിക്കുകയാണ്. പാപനാസത്തോടു പാപം ചെയ്ത വിരുതന്മാരെ പിടികൂടുകതന്നെ വേണമെന്ന് ആരും പറയും. കരുതിയിരിക്കുക, വ്യാജന്മാരെ സൂക്ഷിക്കുക, അവര്‍ ചെയ്യുന്ന പാപത്തിന് നമ്മളും ചിലപ്പോള്‍ വിലനല്‍കേണ്ടിവരും.
നൂതന സാങ്കേതിക വിദ്യ ദിനംപ്രതി വളര്‍ന്നു വരികയാണ്. ആശയ വിനിമയ രംഗത്താണിതിന്റെ കുതിപ്പ്. ഇൗ വളര്‍ച്ചയ്ക്കു കാരണം ഇന്റര്‍നെറ്റിന്റെ പ്രചാരമാണ്്. എന്നാല്‍ ഈ സാങ്കേതിക വിദ്യയും ഇന്റര്‍നെറ്റും ശരിയായ വിധത്തിലാണോ ആളുകള്‍ ഉപയോഗിക്കുന്നത്? സംസ്ഥാനത്ത് വീണ്ടും സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘പ്രേമം’ സിനിമയോടനുബന്ധിച്ചാണ് ഒരിടവേളയ്ക്കുശേഷം വ്യാജപ്പകര്‍പ്പുകളുടെ പ്രചാരണം ആരംഭിച്ചത്.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ആശയ വിനിമയ രംഗത്തിന് എന്നും മുതല്ക്കുട്ടാണെങ്കിലും ഇന്നത് ദുരുപയോഗപ്പെടുത്തന്നവരുടെയെണ്ണം വര്‍ധിച്ചുവരികയാണ്. ഡിജിറ്റല്‍ സംവിധാനത്തിന്റെ ഉപയോഗം സാര്‍വത്രികമായതോടെയാണ് ഇത്തരം പ്രവണതകള്‍ കൂടുതലായത് കണ്ടുവരുന്നത്. മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിച്ചുള്ള വിപണന സൗകര്യങ്ങള്‍ ഒരുഭാഗത്ത് വളരുന്നു. ഒപ്പം അതേ സംവിധാനത്തിലൂടെ വ്യാജവും കൃത്രിമവും അധാര്‍മ്മികവുമായ പ്രവണതകള്‍ വ്യാപകമാകുന്നു. പുത്തന്‍ സിനിമകളുടേയും വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്നത് ഇന്ന് നിതസംഭവങ്ങളാണ്. പതിനായിരക്കണക്കിന് ചിത്രങ്ങളാണ് ഇത്തരത്തില്‍ വ്യാജ മേല്‍വിലാസത്തിലും പേരിലും യു ടൂബിലും മറ്റ് സൈറ്റുകളിലും ലഭ്യമാകുന്നത്.
ആന്റി പൈറസി സെല്‍
ഉടമയുടെ അല്ലെങ്കില്‍ നിര്‍മ്മാതാവിന്റെ അനുവാദമില്ലാതെ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നതിനും വ്യാജ വിലാസത്തിലൂടെ ആ സൃഷ്ടിയെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി കേരള പോലീസ് രൂപം കൊടുത്തിട്ടുള്ളതാണ് ആന്റി പൈറസി സെല്‍. 1957ല്‍ ഭാരതത്തില്‍ രൂപം കൊണ്ടിട്ടുള്ളതും 1983, 1984, 1992, 1994, 1999, എന്നീ വര്‍ഷങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുള്ളതുമായ പകര്‍പ്പവകാശ നിയമത്തെ അടിസ്ഥാനമാക്കിയാണ് ആന്റി പൈറസി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1911ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന പകര്‍പ്പവകാശ നിയമവും 1956ലെ യു എസ് പകര്‍പ്പവകാശ നിയമവും അടിസ്ഥാനപ്പെടുത്തിയാണ് ഭാരതത്തില്‍ പകര്‍പ്പവകാശ നിയമം 1957 കൊണ്ടുവന്നത്.
സിനിമാ മേഖലയിലാണ് ഇന്ന് വ്യാപകമായി വ്യജ പകര്‍പ്പുകള്‍ പ്രചരിക്കുന്നത്. മൊബൈലുകളും ഒളിക്യാമറകളും ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങള്‍ യു ട്യൂബ്, ബ്ലോഗ് തുടങ്ങിയ സംവിധാനങ്ങളില്‍ അപ്ലോഡ് ചെയ്യുകയാണ് ആദ്യ പടി.
25 വയസ്സുവരെയുള്ള ആണ്‍കുട്ടികളാണ് വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നതെന്ന് അടുത്തിടെ സംസ്ഥാനത്തെ ആന്റി പൈറസി വിഭാഗം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. അത്യാവശ്യം മോശമല്ലാത്ത പ്രിന്റും സൗണ്ട് ക്വാളിറ്റിയുമാണ് പൊതു ജനങ്ങളെ വ്യാജ പകര്‍പ്പുകള്‍ വീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓണ്‍ലൈനില്‍ അകര്‍ഷകമായ പേരുനല്‍കിയും പല പല ഭാഗങ്ങളാക്കിയുമാകും ഇവ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുക. സിനിമ ഏതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നതിനായി ക്ലൂവും നല്കിയിട്ടുണ്ടാകും.
സിനിമകള്‍ റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. പലപ്പോഴും ആളുകള്‍ രഹസ്യമായി വീട്ടിലിരുന്ന് സിനിമ ആസ്വദിക്കുകയാണ് പതിവ്.
സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ സംഘടിപ്പിച്ച് നമുക്ക് കണ്ടെന്ന് വരുത്താം. പക്ഷേ തീയേറ്ററില്‍ ബിഗ് സ്ക്രീനില്‍ കാണേണ്ട സിനിമ കുടുസുമുറിയിലിരുന്ന് ടിവിയില്‍, അല്ലെങ്കില്‍ മൊബൈല്‍ സ്ക്രീനില്‍ കണ്ടാല്‍ എന്താസ്വാദനം. അതിലും പരിതാപകരമാണ് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ കാര്യം. കോടികള്‍ മുടക്കിയവര്‍, മാസങ്ങളോളം ഒരുസിനിമയ്ക്കുവേണ്ടി വിയര്‍പ്പൊഴുക്കി അധ്വാനിച്ചവര്‍, അവരുടെ പ്രതീക്ഷകളാണ് തകര്‍ക്കപ്പെടുന്നത്. തീയേറ്ററില്‍ ജനങ്ങളെത്തി സിനിമ കാണുന്നിടത്താണ് അതിന്റെ സാമ്പത്തിക വിജയം.
സിനിമയ്ക്കൊപ്പം തന്നെ അല്ലെങ്കില്‍ റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ വ്യാജ പകര്പ്പുകളിറക്കി അവരുടെ അധ്വാനത്തെയും പ്രതീക്ഷകളേയും ചതിച്ചു കൊല്ലുകയാണ് ഈ പൈറസി പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഇതിനെ ചെറുക്കുന്നതിനായി സംസ്ഥാന പോലീസ് രൂപം കൊടുത്തിട്ടുള്ള വിഭാഗമാണ് ആന്റി പൈറസി സെല്‍. ഉടമയുടെ അനുവാദമില്ലാതെ അയാളുടെടെ സൃഷ്ടി വിനിയോഗിക്കുകയും ദുരുപയോഗപ്പെടുത്തുന്നതും തടയുന്നതിനായി.
ആരംഭം ഇങ്ങനെ
സംസ്ഥാനത്ത് പകര്‍പ്പവകാശം സംബന്ധമായ കേസുകളും സിനിമകളുടെ വ്യാജ പകര്‍പ്പുകളുടേയും അതി പ്രസരവും പോലീസിന്റെ ദൈനംദിന ജോലി ഇരട്ടിപ്പിച്ചു. മാത്രമല്ല, സാധാരണ നിയമങ്ങള്‍ പോര ഇത്തരം കുറ്റകൃത്യങ്ങളുടെ കടവേരറുക്കാന്‍. അങ്ങനെയാണ് ആന്റി പൈറസി സെല്‍ വിഭാഗം ആരംഭിച്ചത്. 2011 ജൂലൈ 27നാണ് ആന്റി പൈറസി സെല്‍ തുടക്കമിടുന്നത്. തിരുവനന്തപുരത്താണ് ആസ്ഥാനം. സൈബര്‍സെല്ലുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ആന്റി പൈറസി സെല്‍ സംസ്ഥാനത്ത് 2011ലാണ് ആരംഭിക്കുന്നതെങ്കിലും ദല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ വളരെ മുമ്പു തന്നെ ആന്റി പൈറസി സെല്ലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. സംസ്ഥാന പോലീസിനാണ് സെല്ലിന്റെ മേല്‍നോട്ടം.
പ്രവര്‍ത്തനം ബഹുവിധം
നാലു വര്‍ഷത്തിനകം ആന്റി പൈറസി സെല്‍ 200ഓളം കേസുകളാണ് തെളിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് വഴിയുള്ള പൈറസി കുറ്റകൃത്യങ്ങള്‍ക്ക് നിയന്ത്രണം വന്നത് ഈ സെല്ലിന്റെ ആവിര്‍ഭാവത്തോടെയാണ്. ഇ മേഖലയില്‍ വിദഗ്ധ പരിശീലനം സിദ്ധിച്ചിട്ടുള്ളവരെയാണ് ആന്റി പൈറസി സെല്ലില്‍ വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇന്ത്യയ്ക്കു കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും സംസ്ഥാനത്ത് കൈകാര്യം ചെയ്യുന്നത് ആന്റി പൈറസി സെല്ലാണ്.
കേസില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിച്ച ശേഷം പ്രതികളെ മറ്റു നടപടി ക്രമങ്ങള്‍ക്കായി അതതു പ്രദേശത്തെ പോലീസ് സ്റ്റേഷനു കൈമാറുകയാണ് പതിവ്. ഇന്റര്‍നെറ്റ് പോലുള്ള മാധ്യമങ്ങളിലൂടെ സൃഷ്ടികര്‍ത്താവിന്റെ അനുവാദമനില്ലാതെ അവരുടെ രചനയേയോ ആവിഷ്കാരത്തേയോ പ്രചരിപ്പിക്കുകയോ വിറ്റഴിക്കാന്‍ ശ്രമിക്കുന്നതുമായി പരാതി ലഭിച്ചാല്‍ ആന്റി പൈറസി സെല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ഉത്തവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതാണ്.
പകര്‍പ്പവകാശം
ബുദ്ധിക്കുവരെ പകര്‍പ്പവകാശം ബാധകമാണ്. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്, ബൗദ്ധിക സ്വത്തവകാശം ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയാണ്. ഒരു സൃഷ്ടി ഏതു മാധ്യമത്തില്‍ സൂക്ഷിയ്ക്കാനും പുനഃസൃഷ്ടിക്കാനും പകര്‍പ്പുകള്‍ പ്രസിദ്ധീകരിക്കുവാനും പൊതുജനങ്ങള്‍ക്കുമുന്നില്‍ പ്രദര്ശിക്കാനുമുള്ള അനുമതിയാണ് പകര്‍പ്പവകാശം. സിനിമ, ശബ്ദരേഖകള്‍ ഇതര കലാരൂപത്തിലോ ആയി പുനരാവിഷ്കരിക്കാനും പകര്‍പ്പവകാശമുള്ളവര്‍ക്ക് സാധിക്കും. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ കാര്യത്തിലാണെങ്കില്‍ അത് വില്‍ക്കുവാനും വാടകയ്ക്കുനല്കുവാനും കൂടിയുള്ള പ്രത്യേക അവകാശമാണ്. ഇത് നിര്‍മാതാവില്‍ മാത്രം നിക്ഷിപ്തമായിരിക്കും.
സൃഷ്ടി ചിലപ്പോള്‍ സംഗീതസൃഷ്ടിയോ, ശബ്ദലേഖയോ, കലാസൃഷ്ടിയോ, നൃത്തസംവിധാനം, സിനിമാ പ്രദര്‍ശനം എന്നിവയും ആകാം. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും, സമാഹാരങ്ങളും ലിഖിത രചനയില്‍ ഉള്‍പ്പെടുന്നതാണ്. നിര്‍മാതാവ് പ്രദശര്ശനാനുമതി നല്കുന്ന വ്യക്തിയോ അയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയ്ക്കോ മാത്രമാണ് സിനിമയുടെ പകര്‍പ്പവകാശത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ ചലച്ചിത്രമടങ്ങുന്ന ഫിലിം ഇതില്‍ ഉള്‍പ്പെടില്ല.
നിര്‍മ്മാതാവാണ് രാജാവ്
ഉപഭോക്താവാണ് രാജാവെന്നാണ് വിപണിയിലെ ആപ്തവാക്യം. പൈറസി നിയമത്തിന്റെ കാര്യത്തില്‍ നിര്മ്മാതാവണ് രാജാവ്. കലാസൃഷ്ടികളില്‍ ചിത്രങ്ങളും, പെയിന്റിംഗും, ശില്‍പ്പങ്ങളും നിര്‍മാതാവിന്റെ അനുമതിയോടെ മാത്രമേ പൊതുജനമധ്യേ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കൂ. സ്രഷ്ടാവ് ഭാരത പൗരനോ അല്ലെങ്കില്‍ ഭാരതത്തില്‍ സ്ഥിര താമസക്കാരനോ ആണെങ്കില്‍ നിര്‍മാണ സമയത്തും പ്രസിദ്ധീകരിക്കുമ്പോഴും പകര്‍പ്പവകാശത്താല്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകും. ഇത് എതെങ്കിലും വിധത്തില്‍ ലംഘിക്കപ്പെട്ടതായി മനസ്സിലാക്കിയാല്‍ ആന്റി പൈറസി സെല്ലില്‍ പരാതി നല്കിയാല് അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്.
പകര്‍പ്പവകാശം ബാധകമല്ലാത്തവ
സൃഷ്ടിയുടെ നിര്‍മാണവേളയിലോ പ്രസിദ്ധീകരിക്കുമ്പോഴോ ഭാരത പൗരനോ സ്ഥിരവാസിയോ അല്ലെങ്കില്‍. വിദേശ രാജ്യങ്ങളിലെ വാസ്തുശില്‍പ്പങ്ങള്‍. മറ്റൊരാളുടെ പകര്‍പ്പവകാശം ലംഘിക്കുന്ന വിധത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ചലച്ചിത്രങ്ങളും ശബ്ദ ലേഖകളും. 1911ലെ ഡിസൈന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രൂപകല്‍പ്പനകള്‍. വാസ്തുശില്‍പ്പത്തിന്റെ തനത് ആവിഷ്കരണരീതിയല്ലാതെ നിര്‍മ്മിച്ചിട്ടുള്ളവ. ഈ നിയമപ്രകാരം, പകര്‍പ്പവകാശം സംരക്ഷിക്കപ്പെടാത്തവ. പകര്‍പ്പവകാശം ഭാരതത്തില്‍ സര്‍ക്കാര്‍ ഉത്തരവു വഴി സംരക്ഷിക്കാത്ത വിദേശസൃഷ്ടികള്‍. അംഗീകാരമില്ലാത്ത അന്താരാഷ്ട്രസംഘടനകളുടെ രചനകളും കലകളും.
വാങ്ങിയാലും പെടും
പൊതു നിരത്തുകളില്‍ വില്‍ക്കുന്ന സിനിമയുടേയോ മറ്റോ സിഡി, ഡിവിഡി എന്നിവ ഒറിജിനല്‍ ആണോ എന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രം വാങ്ങിക്കുക. ഒറിജിനല്‍ സിഡി/ ഡിവിഡി എന്നിവയില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്, മുന്നറിയിപ്പ്, സത്യവാങ്മൂലം, എംആര്‍പി, പകര്‍പ്പവകാശം ലഭിച്ചിട്ടുള്ളവരുടെ പൂര്‍ണ്ണമായ വിലാസവും അതിന്റെ രേഖകളും, എംബ്ലവും സിഡി/ ഡിവിഡി കവറില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇതൊക്കെയില്ലാത്തവ വാങ്ങിയാലും ഉപയോഗിച്ചാലും പിടിക്കപ്പെടും, നിയമപ്രകാരം ശിക്ഷിക്കപ്പെടും.
യുവാക്കളാണ് ഏറ്റവും കൂടുതല്‍ വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നത്. വ്യാജ പകര്‍പ്പുകള്‍ സ്വന്തം വീട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ രക്ഷിതാക്കള്‍ അനുവാദം നല്‍കരുത്. സ്വകാര്യമായി ഉപയോഗിക്കുന്നുവെന്ന് ആന്റി പൈറസി സെല്ലിന് സൂചന ലഭിച്ചാല്‍ കേസെടുക്കാം, കര്‍ശ്ശന നിയമ നടപടികള്‍ സ്വീകരിക്കാം.
പ്രശ്നം ധാര്‍മ്മികമാണ്
പൈറസി, അഥവാ വ്യാജ ഇടപാട് നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യണം. അതിനു നിയമം വിനിയോഗിക്കണം. പുതിയതു വേണമെങ്കില്‍ നിര്‍മ്മിക്കണം. പക്ഷേ, അടിസ്ഥാനപരമായി ഇവിടെ പ്രവര്‍ത്തിക്കേണ്ടത് ധാര്‍മ്മികതയാണ്. എന്തുകാരണത്താലായാലും വ്യാജന്മാരെ പ്രചരിപ്പിക്കില്ലെന്നു തീരുമാനിക്കണം. എന്തു സാഹചര്യത്തിലായാലും ഇത്തരം വ്യാജ വസ്തുക്കള്‍ ഉപയോഗിക്കില്ലെന്നു തീരുമാനിക്കണം. ഉപയോഗിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്നു നിശ്ചയിക്കണം. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു തീരുമാനമെടുക്കണം. മറ്റൊരാളുടെ തലച്ചോറുതിന്നും ചോരകുടിച്ചും ജീവിക്കുന്നത് മൃതിയേക്കാള്‍ ഭയാനകമാണെന്നു തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: