ലണ്ടന്‍ : ഇംഗ്ലണ്ടിലേക്കുള്ള യാത്രാ മദ്ധ്യേ കാണാതായ 12 അംഗ ബംഗ്ലാദേശി കുടുംബം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ധാക്കയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ട കുടുംബത്തെ കഴിഞ്ഞ മേയ് മാസം മുതലാണ് കാണാതായത്. രണ്ടുമാസത്തിനു ശേഷം കുടുംബത്തിലെ മുതിര്‍ന്ന അംഗമായ അബ്ദുള്‍ മന്നാന്‍ പ്രസ്താവനയിലൂടെ തങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായി അറിയിക്കുകയായിരുന്നു . പ്രസ്താവനയുടെ പകര്‍പ്പും കുടുംബത്തിന്റെ ഫോട്ടോയും സഹിതം ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ബ്രിട്ടനിലെ സ്ഥിരതാമസക്കാരായ മന്നാന്റെ കുടുംബത്തില്‍ ഭാര്യ മിനെറ ഖാതൂം (53), മകള്‍ ഖാനൂം (21), ആണ്‍മക്കളായ സയ്ദ് ഹുസൈന്‍ (25), തൗഫീഖ് ഹുസൈന്‍ (19), അബില്‍ കസെം സാക്കിര്‍ (31), സാക്കിറിന്റെ ഭാര്യ ഷെയ്ദ ഖാനം (27), സലെഹ് ഹുസൈന്‍ (26), ഇയാളുടെ ഭാര്യ റോഷനാര ബീഗം (24), ഇവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.
കുടുംബത്തില്‍ ഒരു വയസ്സു മുതല്‍ പ്രായമുള്ള കുട്ടികളും ഉണ്ട്. തങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് സംഘടനയില്‍ ചേര്‍ന്ന കാര്യം സ്ഥിരീകരിക്കാനാണ് പ്രസ്താവന പുറത്ത് വിടുന്നതെന്നും അല്ലാഹുവിന്റെ നിയമം വാഴുന്ന സ്ഥലത്താണ് തങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും അബ്ദുള്‍ മന്നാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.
















