ന്യൂദല്‍ഹി: ബലാത്സംഗക്കേസുകളില്‍ മധ്യസ്ഥത നടത്തി ഒത്തുതീര്‍പ്പ് ഉണ്ടാക്കരുതെന്ന് സുപ്രീംകോടതി. സ്ത്രീയുടെ ശരീരം അവളുടെ ക്ഷേത്രമാണെന്നും ബലാത്സംഗക്കേസുകളിലെ ഒത്തുതീര്‍പ്പ് അനീതിയാണെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചോളാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് പീഡനക്കേസിലെ പ്രതിയെ മദ്രാസ് ഹൈക്കോടതി വെറുതെ വിട്ടയച്ച പശ്ചാത്തലത്തില്‍ സുപ്രീം കോടതി വിധിക്ക് അതീവ പ്രധാന്യമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെയാണ് കീഴ്‌കോടതി വെറുതെവിട്ടത്.
രാജ്യത്ത് വിവിധ കോടതികള്‍, വിവാഹം ചെയ്‌തോളാമെന്ന ഉറപ്പിന്മേല്‍ പീഡനക്കേസുകളിലെ പ്രതികളെ മോചിപ്പിക്കാറുണ്ട്. എന്നാല്‍ പീഡനക്കേസുകളില്‍ ഇത്തരത്തിലെ യാതൊരുവിധ ഒത്തുതീര്‍പ്പും സാധ്യമല്ല. ബലാത്സംഗക്കേസിലെ പ്രതിയെ വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ഗൗരവം കുറച്ച് കാണരുതെന്നും കോടതി നിര്‍ദേശിച്ചു.
വിവാഹം കഴിക്കാമെന്ന ഉപാധിയില്‍ ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കരുത്. അതു സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യം. സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ശരീരം ദേവാലയമാണ്. ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ കോടതികള്‍ നടത്തരുതെന്നും പരമോന്നത കോടതി വ്യക്തമാക്കി.
ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പീഡനക്കേസിലെ പ്രതിയെ വിട്ടയച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി പി.ദേവദാസിന്റെ നടപടി നിയമലോകത്തിന്റെ വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വിധി പറഞ്ഞുകൊണ്ട് ഇതുസംബന്ധിച്ച് സുവ്യക്തമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്.
















