റായ്‌പ്പൂര്‍: ഛത്തീസ്ഗഡില്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ പോലീസുകാര്‍ക്കുള്ള അലവന്‍സ് കുത്തനെ കൂട്ടി. അസി. കോണ്‍സ്റ്റബിള്‍മാര്‍ക്ക് 25 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തി.നക്‌സലുകളെ നേരിടുന്നവര്‍ക്കുള്ള പ്രോല്‍സാഹനമാണിത്.
ബസ്തര്‍, ഗരിയാബാദ്, രാജ്‌നന്ദ് ഗാവ് എന്നീ മേഖലകളിലെ കോണ്‍സ്റ്റബിള്‍മാര്‍, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍മാര്‍, രഹസ്യപ്പോലീസുകാര്‍ എന്നിവരുടെ അലവന്‍സുകളാണ് രമണ്‍ സിംഗ് സര്‍ക്കാര്‍ 58 ശതമാനം വരെ വര്‍ദ്ധിപ്പിച്ചത്.
22,000 ലേറെപ്പേര്‍ക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഇപ്പോള്‍ 8990 രൂപയാണ് ലഭിക്കുന്നത്. ഇത് ഇനി 14,144 രൂപയാകും. ഇതിനു പുറമേ മറ്റു പോലീസുകാര്‍ക്കുള്ളതുപോലെ അസി.കോണ്‍സ്റ്റബിള്‍മാര്‍ക്കും 25 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് ലഭിക്കും. സര്‍ക്കാരിന് പ്രതിവര്‍ഷം 121 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകുന്നതാണിത്.
നക്‌സല്‍ പ്രശ്‌നം സംസ്ഥാനത്തിന് വളിയ തലവേദനയാണ്, പ്രത്യേകിച്ച് ബസ്തര്‍ മേഖലയില്‍. മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു. രാജ്യത്തെ 70 ശതമാനം നക്‌സല്‍ പ്രശ്‌നവും ഛത്തീസ്ഗഡിലാണ്. അതില്‍ തന്നെ 90 ശതമാനവും ബസ്തറിലും. നക്‌സലുകളെ നേരിടുന്നവര്‍ക്ക് സാമ്പത്തിക സഹായവും ലഭ്യമാക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
മൊത്തം പോലീസുകാരുടെയും റേഷന്‍ അലവന്‍സ് 650ല്‍ നിന്ന് 2650 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒന്‍പതു വര്‍ഷത്തിനിടെ ഇതാദ്യമായാണ് റേഷന്‍ അലവന്‍സ് കൂട്ടുന്നത്.പ്രത്യേക ദൗത്യ സംഘാംഗങ്ങളുടെ റേഷന്‍ അലവന്‍സ് 1200 രൂപയില്‍ നിന്ന് 2200 രൂപയുമാക്കി.
















