ന്യൂദല്‍ഹി: ദല്‍ഹിയിലെ സാധാരണക്കാരുടെ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി സര്‍ക്കാര്‍ മൂല്യ വര്‍ദ്ധിത നികുതി( വാറ്റ്) 30 ശതമാനം കൂട്ടി. ഇതോടെ പെട്രോള്‍, ഡീസല്‍ എന്നിവയുടേയും നിത്യോപയോഗ സാധനങ്ങളുടേയും വില കുത്തനെ ഉയരും. വാറ്റ് ഒരു മുന്നറിയിപ്പുമില്ലാതെ കുത്തനെ കൂട്ടിയ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ദല്‍ഹി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇന്നലെ നിയമസഭയില്‍ ഉപമുഖ്യമന്ത്രി വാറ്റ് 2015 ബില്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. ഇതോടെ പെട്രോളിയം ഉല്പ്പന്നങ്ങള്‍, കുപ്പിയിലടച്ച ശീതളപാനീയങ്ങള്‍, മദ്യം എന്നിവയടക്കം മിക്ക വസ്തുക്കളുടേയും വില ഉയരും. സര്‍ക്കാരിന്റെ വരുമാനം കൂട്ടാനാണ് വാറ്റും( മൂല്യ വര്‍ദ്ധിത നികുതി) കൂട്ടിയത്. വാറ്റ് കൂടിയതു മൂലം വിലക്കയറ്റം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി കേജ്‌രിവാള്‍ പറയുന്നു.
നിയമസഭയില്‍ ഇതേച്ചൊല്ലി വന്‍വിവാദമാണ് ഉണ്ടായത്. ബിജെപി അംഗങ്ങള്‍ ഇത് ചോദ്യം ചെയ്ത് തര്‍ക്കമുന്നയിച്ചു. ആപ്പ് അംഗങ്ങള്‍ അവരെ നേരിട്ടു. ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
















