ന്യൂദല്‍ഹി: മുന്‍ ടെലികോം മന്ത്രി ദയാനിധിമാരനെ സിബിഐ ചോദ്യം ചെയ്തു. ഉയര്‍ന്ന വേഗതയുള്ള 323 ബിഎസ്എന്‍എല്‍ ടെലികോം ലൈനുകള്‍ നിയമവിരുദ്ധമായി ഉപയോഗിച്ച കേസിലാണ് ചോദ്യം ചെയ്യല്‍. ബിഎസ്എന്‍എല്‍ ജനറല്‍ മാനേജരുടെ പേരില്‍ എടുത്ത കണക്ഷനുകള്‍ സണ്‍ ടിവി ചാനലാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കേസ്.
കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശിച്ചെങ്കിലും ദയാനിധിമാരന്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ സിബിഐ മാരനെ കേസില്‍ ചോദ്യം ചെയ്തത്. മാരന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.
കേസുമായി ബന്ധപ്പെട്ട് സിബിഐ മൂന്ന് സണ്‍ടിവി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തെങ്കിലും മദ്രാസ് ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്. ദയാനിധിമാരന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.ഗൗതമന്‍, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ എസ്.കണ്ണന്‍, എല്‍.എസ് രവി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ദയാനിധിമാരന്റെ ചെന്നൈയിലെ ബോട്ട് ഹൗസ് വീട്ടിലേക്കാണ് നിയമവിരുദ്ധമായി ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ എടുത്തിരുന്നത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സണ്‍ ടിവിയുടെ ഓഫീസിലേക്കാണ് ഈ കണക്ഷനുകള്‍ നല്‍കിയത്. എന്നാല്‍ ഇത് ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക കണക്ഷനുകളായി കണക്കാക്കി സൗജന്യമായാണ് സേവനം നല്‍കിയത്. 2007ല്‍ ഇതുസംബന്ധിച്ച് പരാതി ലഭിച്ചെങ്കിലും 2011ല്‍ മാത്രമാണ് കേസന്വേഷണം ആരംഭിച്ചത്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സണ്‍ ടിവി ഗ്രൂപ്പ് അനധികൃതമായി നിരവധി സൗജന്യങ്ങള്‍ നേടിയിരുന്നതായി നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി സണ്‍ ടിവി ഗ്രൂപ്പിനെ ദയാനിധി മാരന്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് സണ്‍ ടിവി ചാനലുകള്‍ക്ക് സുരക്ഷാ അനുമതി നല്‍കേണ്ടെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 33 ടിവി ചാനലുകളുടെ ലൈസന്‍സ് പുതുക്കാനാവാത്ത സ്ഥിതിയിലാണ്.
















