വുഹാന്‍: ലോക സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. നാല് സ്വര്‍ണ്ണമാണ് ഇന്ത്യന്‍ കുട്ടികള്‍ ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നുമായി വിളയിച്ചത്. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ദുര്‍ഗ ദേവ്‌റെ, ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ തേജസ്വിന്‍ ശങ്കര്‍, 3000 മീറ്ററില്‍ കിഷന്‍ തഡ്‌വെ, 800 മീറ്ററില്‍ ബിയാന്ത് സിംഗ് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി പൊന്നണിഞ്ഞത്.
ദുര്‍ഗ ദേവ്‌റെ പുതിയ ദേശീയ യൂത്ത് റെക്കോര്‍ഡോടെയാണ് പൊന്നണിഞ്ഞത്. 4 മിനിറ്റ് 33.6 സെക്കന്റിലാണ് ദുര്‍ഗ ഫിനിഷ് ചെയ്തത്. ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ 2.11 മീറ്റര്‍ ചാടിയാണ് ദല്‍ഹിയില്‍ നിന്നുള്ള തേജസ്വിന്‍ ശങ്കര്‍ ഇന്ത്യക്ക് വേണ്ടി പൊന്നണിഞ്ഞത്.
3000 മീറ്ററില്‍ 8:42.59 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കിഷന്‍ തഡ്‌വെ പൊന്നണിഞ്ഞ് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയത്. 800 മീറ്ററില്‍ 1:52.20. സെക്കന്റിലായിരുന്നു ബിയാന്ത് സിംഗിന്റെ സ്വര്‍ണ്ണനേട്ടം. 2013-ല്‍ ബ്രസീലില്‍ നടന്ന ലോക സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം ലഭിച്ചിരുന്നില്ല.
















