സാന്റിയാഗോ: യുറുഗ്വെയുടെ എഡിന്‍സണ്‍ കവാനിയുടെ പിന്നില്‍ കുത്തിയ ചിലിയന്‍ ഡിഫന്‍ഡര്‍ ഗോണ്‍സാലോ ജാരയെ കോപ്പാ ആമേരിക്കയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും വിലക്കി. തെക്കന്‍ അമേരിക്ക ഫുട്ബോള്‍ ഗവേണിംഗ് ബോഡിയാണ് അച്ചടക്ക നടപടിയെടുത്തത്. കോപ്പാ അമേരിക്കയിലെ മൂന്നു മത്സരങ്ങളില്‍ നിന്നാണ് വിലക്ക്. ഇതോടെ തിങ്കളാഴ്ച പെറുവിനെതിരായി നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ജരയ്ക്ക് കളത്തിലിറങ്ങാനാവില്ല.
കഴിഞ്ഞ ബുധനാഴ്ച യുറുഗ്വെയ്ക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തിലാണ് ജാര പ്രകോപനപരമായി കവാനിയുടെ പിന്നില്‍ കുത്തിയത്. ഉടന്‍ തന്നെ കവാനി ജാരയുടെ മുഖത്ത് അടിച്ചു. ജാര നിലത്തുവീണ് വേദനയേറ്റു പുളയുന്നതായി അഭിനയിച്ചതോടെ കവാനിക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു. കവാനി പുറത്തുപോയതോടെ ദുര്‍ബലരായ യുറുഗ്വെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു പുറത്താകുകയും ചെയ്തു.
















