ന്യൂദല്‍ഹി: ഇതുവരെ ചരിത്രപുസ്തകങ്ങള്‍ എഴുതിയത് ഭരണാധികാരികളായിരുന്നുവെന്നും ഗവേഷകര്‍ വേണം ചരിത്രമെഴുതാനെന്നും ഡോ. എ. പി. ജെ. അബ്ദുള്‍ കലാം. കൃത്യമായ ഗവേഷണം നടത്തിവേണം ചരിത്രം തയ്യാറാക്കേണ്ടത്. അതിന് പാണ്ഡിത്യമുള്ളവരെ വേണം ചുമതലപ്പെടുത്താന്‍, മുന്‍ രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.
മിക്ക ചരിത്രപുസ്തകങ്ങളും മുമ്പുഭരണത്തിലിരുന്നവര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയതാണ്. സൂക്ഷ്മമായ, കൃത്യമായ, ഗവേഷണം നടത്തി വേണം ചരിത്രരചന നടത്താന്‍. നേരാം വണ്ണമായിരിക്കണം രചന. രാജ്യം ഭരിക്കുന്നവരല്ല, പണ്ഡിതരാണ് ചരിത്രം തയ്യാറാക്കേണ്ടത്, അദ്ദേഹം പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ശാസ്ത്ര- സാങ്കേതിക ഗ്രന്ഥങ്ങള്‍ അപ്പപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ക്കനുസരിച്ച് പുതുക്കിക്കൊണ്ടിരിക്കണം. ഏതാനും ദശകങ്ങള്‍ മുമ്പ് ഇന്റര്‍നെറ്റിനെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. ഇന്ന് 95 ജിഎച്ച്‌സെഡ്ഡബ്ല്യു ബാന്‍ഡ് നിലവില്‍വന്നു. അപ്പോള്‍ അതനുസരിച്ച് സാങ്കേതിക പാഠങ്ങള്‍ പുതുക്കണം, ഡോ. കലാം പറഞ്ഞു.
















